കപ്പലിലെ തടവുകാരുടെ മോചനം : ഹർജി നൈജീരിയൻ കോടതി 
ജനുവരിയിലേക്ക്‌ മാറ്റി

0
93

നൈജീരിയൻ നാവികസേനയുടെ തടവിലുള്ള മലയാളികൾ ഉൾപ്പെടെ 26 പേർ മോചനത്തിന്‌ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്‌ നൈജീരിയൻ കോടതി ജനുവരി പതിനൊന്നിലേക്ക്‌ മാറ്റി. കപ്പൽ ഉടമകളായ കമ്പനിയുടെ അഭിഭാഷകൻ മുഖേനയാണ്‌ ഹർജി നൽകിയത്‌. നിയമാനുസൃതം ക്രൂഡ്‌ ഓയിൽ വാങ്ങാൻ എത്തിയതാണെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളും രേഖകളും ഉൾപ്പെടെയാണ്‌ ഹർജി നൽകിയത്‌.

തടവിലുള്ള കൊല്ലം സ്വദേശി വിജിത്‌ വി നായർ ഭാര്യ ഡോ. രേവതി നായരെ അറിയിച്ചതാണിത്‌. അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണമേ കപ്പലിൽ അവശേഷിക്കുന്നുള്ളൂ. ഭക്ഷണമെത്തിക്കാൻ കമ്പനിയോട്‌ അഭ്യർഥിച്ചു. സെക്കൻഡുകൾ മാത്രമാണ്‌ തടവുകാർക്ക്‌ കുടുംബത്തോട്‌ സംസാരിക്കാൻ അനുവദിച്ചിരിക്കുന്നത്‌. ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂ.

മൂന്ന്‌ മലയാളികളടക്കം 16 ഇന്ത്യക്കാരുൾപ്പെടെ 26 പേരെയും നാവികസേന രണ്ട്‌ സംഘമായി തിരിച്ച്‌ ചോദ്യംചെയ്‌തു. ആദ്യം വിജിത് ഉൾപ്പെടെ 15 പേരെയും രണ്ടാമത്‌ കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത അടക്കം 11 പേരെയും. ചോദ്യം ചെയ്യാൻ വിളിച്ചിട്ട്‌ പോകുന്നതായാണ്‌ മിൽട്ടന്റേതായി കുടുംബത്തിന്‌ ലഭിച്ച അവസാന സന്ദേശം. കപ്പലിൽമുമ്പ്‌ ചെയ്‌തിരുന്ന ജോലിചെയ്യാൻ അനുമതിയുണ്ട്‌. അകത്തും പുറത്തും നൈജീരിയൻ സേന കാവലുണ്ട്‌.