കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ

0
71

കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരൻ്റേത്. ഒരു വട്ടം നാക്കുപിഴ സമ്മതിക്കാം. പലവട്ടം നാക്കു പിഴക്കുന്നത് എങ്ങനെയാണന്നും പി കെ ബഷീറിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും ബഷീർ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. യു ഡി എഫ് സഖ്യത്തിന് പിന്നിൽ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് സുധാകരന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നതെന്നും പി കെ ബഷീർ കുറിച്ചു.

പി കെ ബഷീർ എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ,

മതേതര മൂല്യത്തിൽ അധിഷ്ഠിതമായിരുന്നു എന്നും കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടുകൾ. ഹൈക്കമാൻഡ് മുതൽ താഴെ തട്ടിലുള്ള നേതാക്കളും, പ്രവർത്തകരും വരെ ജാതി-മതഭേദമന്യേ ആളുകളെ സ്നേഹിക്കാനും, സേവിക്കാനും മുന്നിട്ട് നിൽക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. അതിന് അദ്ദേഹം മഹാനായ നെഹ്റുവിന്റെ മതേതര നിലപാടുകളെ വരെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നുവെന്നത് ഖേദകരമാണ്.

കോൺ​ഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങളിൽ നിന്നുള്ള പൂർണമായ വ്യത്യചലനമാണിത്. യു ഡി എഫ് സഖ്യത്തിന് പിന്നിൽ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നത്. മതേതര നിലപാടിൽ വിശ്വസിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ് അടക്കമുള്ള യു ഡി എഫ് സഖ്യകക്ഷികളേയും അദ്ദേഹത്തിന്റെ നിലപാട് ആശയ കുഴപ്പത്തിലാക്കുന്നു. ഈ പാർട്ടികളുടെ മതേതര നിലപാട് പോലും പൊതുജന മധ്യത്തിൽ ചോദ്യം ചെയ്യപ്പെടും വിധം പ്രസ്താവനകളും, നിലപാടുകളുമാണ് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചു വരുന്നതെന്നത് വേദനാജനകമാണ്. മുസ്ലിം ലീ​ഗ് പാർട്ടി പ്രവർത്തകർക്ക് ഇത്തരം പ്രസ്താവനകൾ ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ഇത് ബഹുമാന്യരായ എന്റെ പാർട്ടി നേതൃത്വം ​ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു പ്രാവശ്യം നാക്ക് പിഴ സംഭവിക്കുന്നത് സ്വാഭാവികമായും മനസിലാക്കാം. പക്ഷേ തുടർച്ചയായി ഇദ്ദേഹത്തിന് എങ്ങനെ ഈ വിഷയത്തിൽ നാക്ക് പിഴ വരുന്നുവെന്ന മതേതര വാദികളുടെ ആശങ്ക ഹൈക്കമാൻഡ് ​ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയം ബഹുമാന്യരായ കോൺ​ഗ്രസ് നേതൃത്വം വളരെ ​ഗൗരവമായി കാണണമെന്ന് അഭ്യർഥിക്കുകയാണ്. കേരളത്തിന്റെ മതേതര നിലപാടിന് വിള്ളൽ വീഴ്ത്തുന്ന ഇത്തരം പ്രസ്താവനകൾ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്നവരിൽ നിന്നും ഉണ്ടാകരുത്. വിമർശനങ്ങളെ എന്നും ജനാധിപത്യ ബോധത്തോടെ സ്വീകരിച്ച കോൺ​ഗ്രസ് പാർട്ടി ഈ കാര്യങ്ങളും ​ഗൗരവമായും, വിഷയപരമായും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.