ദാരിദ്ര്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് കേന്ദ്ര മന്ത്രി

0
30

സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിർമ്മാർജനം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളമെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ പറഞ്ഞു.ദാരിദ്ര്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അർത്ഥവത്തായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവെക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

‘സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണം – ഗ്രാമ പഞ്ചായത്തുകളിൽ’ എന്ന വിഷയത്തിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

ഗ്രാമപഞ്ചായത്തുകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, സ്വയം പര്യാപ്തമാകാനും തദ്ദേശ ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണ്. ഓരോ പഞ്ചായത്തിന്റെയും വികസനം പഞ്ചായത്ത് അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്. പഞ്ചായത്തുകൾ സ്വന്തം വരുമാനം കണ്ടെത്തേണ്ടത് അനിവാര്യമാണ്. തങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ പ്രാദേശികമായി ഉല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഗ്രാമങ്ങൾ മാറണം.

സുസ്ഥിര വികസനത്തിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ചർച്ചകളിലൂടെയും, പുതിയ കാഴ്ചപ്പാടുകളിലൂടെയും,പുതിയ സാധ്യതകൾ കണ്ടെത്തുക എന്നതാണ് ഇത്തരം ശിൽപശാലകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നീതി ആയോഗ് ദേശീയ ആരോഗ്യ സൂചികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം ദാരിദ്ര്യ നിർമ്മാർജനത്തിൽ സംസ്ഥാനം എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ പ്രതിഫലനമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അതീവ ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാർ. ഇതിനായി അതിദരിദ്രരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ വഴി നടത്തിയ സർവ്വേ പൂർത്തിയായി കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

“പഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തെകുറിച്ചുള്ള” കേരള സംസ്ഥാന റോഡ് മാപ്പും,”പങ്കാളിത്ത അതിദാരിദ്ര്യം വിലയിരുത്തൽ: കേരളത്തിൽ നിന്നുള്ള അനുഭവങ്ങൾ” എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

ശില്പശാലയോടനുബന്ധിച്ച് ഒരുക്കിയ പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം കേന്ദ്ര പഞ്ചായത്ത് രാജ് സഹ മന്ത്രി കപിൽ മോരേശ്വർ പാട്ടീൽ,കേന്ദ്ര വിദേശകാര്യ പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ, തദ്ദേശസ്വയംഭരണമന്ത്രി എം. ബി രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു . മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല 16ന് സമാപിക്കും.

അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ. ജി.മുരളീധരൻ, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, റൂറൽ ഡെവലപ്മെന്റ് കമ്മീഷണർ എം. ജി രാജമാണിക്യം,കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.