രാജീവ് വധക്കേസില്‍ മോചിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ സ്വദേശികളെ ഡീ പോര്‍ട്ട് ചെയ്യാന്‍ തീരുമാനം

0
55

രാജീവ് വധക്കേസില്‍ മോചിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ സ്വദേശികളെ ഡീ പോര്‍ട്ട് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. നാലുപേരെയാണ് ശ്രീലങ്കയിലേയ്ക്ക് അയക്കുക. പത്തു ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ട്രിച്ചി കലക്ടര്‍ പ്രദീപ് കുമാര്‍ അറിയിച്ചു. ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപില്‍ കഴിയുന്ന മുരുകനെ കാണാന്‍ ഇന്ന് നളിനി എത്തി.

മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് ഡീ പോര്‍ട്ട് ചെയ്യുക. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ, പാര്‍പ്പിയ്ക്കുന്ന പ്രത്യേക ക്യാംപിലാണ് നിലവില്‍ നാലുപേരും ഉള്ളത്. ഇവരുടെ വിവരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് കൈമാറിയിട്ടുണ്ട്. അവിടെ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നാലുപേരെയും ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് കളക്ടര്‍ അറിയിച്ചു.

ഭര്‍ത്താവ് മുരുകനെ കാണാന്‍ ഇന്ന് നളിനി ക്യാംപിലെത്തി. രാവിലെ എത്തിയ അവര്‍ വൈകിട്ടാണ് മടങ്ങിയത്. യുകെയിലുള്ള മകളുടെ അടുത്തേയ്ക്ക് പോകാനുള്ള നടപടികളാണ് നളിനും മുരുകനും ആലോചിയ്ക്കുന്നത്. അതിനിടയിലാണ് മുരുകനെ ശ്രീലങ്കയിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. ക്യാംപില്‍ നിന്നും പുറത്തിറക്കാനുള്ള നടപടികള്‍ക്കായി നളിനി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.