ഡൽഹി എക്‌സൈസ് പോളിസി കേസിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആംആദ്മി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയാണ് ഇരുവരെയും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തെ വിജയ് നായരെയും അഭിഷേക് ബോയിൻപള്ളിയെയും ഇതേ കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സി.ബി.ഐ രജസ്റ്റർ ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച വൈകുന്നേരം നാലിന് പരിഗണിക്കാനിരിക്കെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. മദ്യ അഴിമതിക്കേസിലെ പണമിടപാട് സംബന്ധിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്.
മദ്യ അഴിമതിക്കേസിൽ കസ്റ്റഡിക്കായി ഇവരെ കോടതിയിൽ ഹാജരാക്കും. ഡൽഹി എക്സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് ലഫ്. ഗവർണർ വിനയ് കുമാർ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിനെ തുടർന്നാണ് കേസ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം നവംബർ 17 മുതൽ നടപ്പാക്കിയ ഡൽഹി എക്സൈസ് നയം സിബിഐ അന്വേഷണത്തെ തുടർന്ന് ഈ വർഷം ജൂലൈയിൽ അരവിന്ദ് കെജ്രിവാൾ സർക്കാർ റദ്ദാക്കിയിരുന്നു.
വിജയ് നായർ മറ്റുള്ളവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ഗൂഢാലോചനയുടെ തുടർച്ചയായി ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം 2021-2022 രൂപീകരിച്ച് നടപ്പാക്കിയെന്നും സിബിഐ ആരോപിച്ചു. സർക്കാർ ഖജനാവിന്റെ ചെലവിൽ മദ്യ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും അനാവശ്യവും നിയമവിരുദ്ധവുമായ ആനുകൂല്യങ്ങൾ നൽകുകയായിരുന്നു ലക്ഷ്യമെന്നും നയം സർക്കാരിന് വൻ വരുമാന നഷ്ടമുണ്ടാക്കിയെന്നും ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ബോയിൻപള്ളിയെ സിബിഐ അറസ്റ്റ് ചെയ്തത്. 2021 നവംബർ മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിൽ, എക്സൈസ് നയം നടപ്പാക്കുന്നതിന് മുമ്പ് മറ്റൊരു കൂട്ടുപ്രതി ദിനേഷ് അറോറ മുഖേന കൂട്ടുപ്രതി വിജയ് നായർക്ക് ഹവാല വഴി പണം കൈമാറി. സഹപ്രതിയായ എം/എസ് ഇൻഡോസ്പിരിറ്റിലെ സമീർ മഹേന്ദ്രു കൈമാറ്റം ചെയ്ത പണവും ഒടുവിൽ ബോയിൻപള്ളിയുടെ അക്കൗണ്ടിൽ എത്തിയെന്നും സിബിഐ പറയുന്നു.