സിറിയയിലെ ഹോംസ് പ്രവിശ്യയിലെ പ്രധാന വ്യോമതാവളത്തിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. മിസൈലുകള്‍ പതിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സൈന്യം അറിയിച്ചു. ഹോംസ് നഗരത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വിശാലമായ എയര്‍ ബേസിലെ ഒരു റണ്‍വേയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ഷയറാത്തിലെ ഈ വ്യോമതാവളം അടുത്തിടെ ഇറാന്‍ വ്യോമസേന ഉപയോഗിച്ചിരുന്നു. സംഭവത്തിന്റെ ഒരു വീഡിയോയ്‌ക്കൊപ്പം സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സനയിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ വിദേശ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവിന്റെ മറുപടി. ഷൈറാത്തിലെ റണ്‍വേയും വിമാന ഷെല്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഭൂഗര്‍ഭ സൗകര്യങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റഷ്യന്‍ സൈന്യം വന്‍തോതില്‍ വിപുലീകരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സിറിയയില്‍ വലിയ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്ന റഷ്യ, ഷയറാത്ത് വ്യോമതാവളത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നും താവളം ഉപയോഗിക്കാറുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.