ജി20 ഉച്ചകോടിയില്‍  പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്

0
127

ജി20 ഉച്ചകോടിയില്‍  പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പോകും. മൂന്ന് പ്രധാന സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കും. ബാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 20 പരിപാടികളില്‍ പങ്കെടുക്കും. പത്തോളം ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. കൂടാതെ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബര്‍ 1 മുതല്‍ ഇന്ത്യ ജി20 കൂട്ടായ്മയില്‍ അധ്യക്ഷത വഹിക്കും. ഇന്തോനേഷ്യയില്‍ നിന്നാണ് നരേന്ദ്രമോദി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.

ലോകനേതാക്കളുമായി ചര്‍ച്ച നടത്തും

നവംബര്‍ 15,16 എന്നീ തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത് മൂന്ന് വര്‍ക്കിംഗ് സെഷനുകളായി തിരിച്ചിട്ടുണ്ട്. ഭക്ഷ്യ-ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ചും ആരോഗ്യ മേഖലയെ കുറിച്ചുമാകും ലോകനേതാക്കള്‍ ചര്‍ച്ച നടത്തുക. മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ, ഊര്‍ജം, പരിസ്ഥിതി, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ മോദിയും മറ്റ് നേതാക്കളും ചര്‍ച്ച ചെയ്യും. അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങളും യുക്രൈനെതിരായ യുദ്ധത്തോടെ റഷ്യയെ ഒറ്റതിരിഞ്ഞ് നേരിടുന്ന വേളയിലാണ് ജി20 യോഗം ചേരുന്നത്.
ഈ മാസം ആദ്യം പ്രധാനമന്ത്രി ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ ലോഗോയും തീമും വെബ്സൈറ്റും പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജി 20 ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയെ അടയാളപ്പെടുത്തിക്കൊണ്ടാണ് വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയെ ലോഗോയില്‍ ഉള്‍പ്പെടുത്തിയത്. ഈ ജി 20 ലോഗോ വെറുമൊരു പ്രതീകമല്ല, അത് ഒരു സന്ദേശമാണ്, നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഒരു വികാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ലോകം ഒരു കുടുംബമെന്ന പൗരാണിക സങ്കല്‍പ്പത്തെ ലോകനന്മയുടെ സന്ദേശമാക്കി ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ വാണിജ്യ ഉച്ചകോടിയെ സമീപിക്കുന്നത്. നരേന്ദ്രമോദിയും ജയശങ്കറും വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഏറ്റെടുക്കുന്ന വാണിജ്യ ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഫലപ്രദമായി ഉപയോഗിക്കാന്‍ വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയത്. 56 കേന്ദ്രങ്ങളില്‍ ശില്‍പ്പശാലകളും സമ്മേളനങ്ങളും നടത്താനാണ് പോകുന്നത്. വിവിധ തലത്തിലുള്ള 200 യോഗങ്ങള്‍ നടക്കും. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളും ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളും ഉന്നത സ്ഥാപനങ്ങളും ലോകനേതാക്കളുടെ ചര്‍ച്ചകള്‍ക്ക് വേദിയാകും. ഇന്ത്യയുടെ മുന്‍ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലയാണ് ജി20യുടെ പ്രധാന സംഘാടകന്‍. ജി20യുടെ മറ്റൊരു നടത്തിപ്പുകാരന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്താണ്.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യോഗത്തില്‍ പങ്കെടുക്കില്ല

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ബുധനാഴ്ച യോഗത്തില്‍ പങ്കെടുക്കില്ലെന്നും പകരം അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പോകുമെന്നും റഷ്യ അറിയിച്ചു. മറുവശത്ത്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനി ചാന്‍സലര്‍ ഓള്‍ഫ് ഷോള്‍സ്, മറ്റ് ലോക നേതാക്കള്‍ എന്നിവരും ബാലിയിലേക്കുള്ള വരവ് സ്ഥിരീകരിച്ചു.