2022 ൽ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ് ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ആർ.ആർ എന്ന തെലുങ്ക് ചിത്രം. ഇന്ത്യയിലെ വിവിധ ഭാഷകളിൽ മോഴിമാറ്റം ചെയ്ത് 3ഡിയിലും അല്ലാതെയും പുറത്തിറക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി. ചിത്രത്തിലെ പാട്ടുകൾ യൂട്യൂബിൽ വലിയ ഓളം സൃഷ്ടിച്ചു. ചിത്രത്തിലെ നാട്ട് എന്ന പാട്ട് തീയറ്ററിൽ കേട്ട പ്രേക്ഷകർ ആവേശത്തിൽ സ്വയം മറന്ന് ഡാൻസ് ചെയ്തു. ഒ.ടി.ടി റിലീസിന് ശേഷം ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിലും ചിത്രം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി.
പല രാജ്യങ്ങളിലും ആർ.ആർ.ആറിൻറെ പ്രദർശനം ഇപ്പോഴും തുടരുകയാണ്. ചിത്രം ഓസ്കാർ വേദിയിൽ വിവിധ കാറ്റഗറിയിലേക്ക് മത്സരിക്കാനും ഒരുങ്ങുന്നുണ്ട്. രാജമൗലിയുടെ മുൻ ചിത്രമായ ബാഹുബലിയിൽ നിന്ന് വ്യത്യസ്തമായി ഒരു സോളോ മൂവിയായാണ് ആർ.ആർ.ആർ തീയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് ഒരു രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകളാണ് നിലവിൽ പുറത്ത് വരുന്നത്. ആർ.ആർ.ആറിന് നിലവിൽ അമേരിക്കയിലെ വിവിധ തീയറ്ററുകളിൽ പ്രത്യേക സ്ക്രീനിങ്ങ് ഇവൻറുകൾ സംഘടിപ്പിച്ച് വരുകയാണ്.
ചിക്കാഗോയിൽ വച്ച് നടന്ന അത്തരമൊരു ഇവൻറിനിടെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരിച്ചുകൊണ്ടാണ് ആർ.ആർ.ആറിൻറെ രണ്ടാം ഭാഗത്തെക്കുറിച്ച് രാജമൗലി സൂചന നൽകിയത്. ആർ.ആർ.ആർ ടുവിൻറെ കഥയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയിലാണെന്നും ചിത്രത്തിന് ഒരു സീക്വൽ ഉടൻ തന്നെ ഉണ്ടാകുമെന്നുമാണ് രാജമൗലി ചിക്കാഗോയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകരുടെയോ പ്രധാന താരങ്ങളുടെയോ യാതൊരു വിവരങ്ങളും രാജമൗലി വെളിപ്പെടുത്തിയിട്ടില്ല.
ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ചിത്രമായിരുന്നു ആർ.ആർ.ആർ. ജലം അഗ്നി എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭീം, റാം എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിൻറെ കഥ മുന്നോട്ട് നീങ്ങുന്നത്. ഭീം ആയി ജൂനിയർ എൻ.ടി.ആറും റാം ആയി രാം ചരണുമാണ് അഭിനയിച്ചത്. രാജമൗലിയുടെ ആദ്യ മൾട്ടീസ്റ്റാർ ചിത്രം കൂടിയായ ആർ.ആർ.ആർ ഇരു താരങ്ങളുടെയും ആരാധകർ തീയറ്ററുകളിൽ ആഘോഷമാക്കി മാറ്റി.
ലോക്ക്ഡൗണിന് ശേഷം രാജ്യവ്യാപകമായി ആദ്യമായി വൻ തിരക്ക് അനുഭവപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു ആർ.ആർ.ആർ. ബാഹുബലി പോലെ രണ്ടാം ഭാഗത്തിന് വേണ്ടി ഒരു സൂചന നൽകിക്കൊണ്ട് അവസാനിക്കുന്ന ചിത്രമായിരുന്നില്ല ആർ.ആർ.ആർ. ഭീമും റാമും തങ്ങളുടെ ലക്ഷ്യങ്ങൾ സാധിച്ചെടുത്ത ശേഷം സന്തോഷത്തോടെ പിരിയുന്നതായിരുന്നു ആർ.ആർ.ആറിൻറെ ക്ലൈമാക്സിൽ കാണാൻ സാധിച്ചത്. ഇത്തരമൊരു ക്ലൈമാക്സിൽ നിന്ന് ഇനി എങ്ങനെ ഒരു രണ്ടാം ഭാഗം നിർമ്മിക്കുമെന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. ഇനി ബോളിവുഡിൽ ഉൾപ്പെടെ അടുത്തിടെ പുറത്തിറങ്ങിയ സീക്വലുകൾക്ക് സമാനമായി ആദ്യ ഭാഗത്തിൻറെ അതേ സന്ദർഭത്തിൽ ഉണ്ടാക്കിയെടുത്ത മറ്റൊരു കഥയാണോ ആർ.ആർ.ആർ 2 വിൽ ഉണ്ടാകാൻ പോകുകയെന്ന് കണ്ട് തന്നെ അറിയണം. അങ്ങനെയാണെങ്കിൽ ആദ്യ ഭാഗത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു താരനിരയാകും രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുക.
ആർ.ആർ.ആറിൻറെ പ്രദർശനം നിലവിൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പുരോഗമിക്കുന്നത്. ജപ്പാനിലെ പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിൻറെ സംവിധായകൻ രാജമൗലിയും അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആറും റാം ചരണും ജപ്പാനിൽ പ്രചരണത്തിന് വേണ്ടി എത്തിയിരുന്നു. പ്രദർശനം തുടരുന്ന ആർ.ആർ.ആർ ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലേക്ക് കടക്കാനൊരുങ്ങുകയാണ്. എന്തായാലും രണ്ടാം ഭാഗത്തിൻറെ വാർത്തകൾ പുറത്ത് വന്നതോടെ എല്ലാ സിനിമാ പ്രേമികളും വലിയ ആവേശത്തിലാകും എന്ന് ഉറപ്പാണ്.