ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ. പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിക്ക് നൽകിയ രഹസ്യ മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ട്. എന്നാൽ പ്രതിക്ക് കീഴ്ക്കോടതി ജാമ്യം നൽകുകയാണുണ്ടായത്. സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു. ഇതിനെതിരെ മറുപടി സത്യവാങ്മൂലം സമർപ്പിച്ച എൽദോസ് കുന്നപ്പിള്ളിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചുവെന്ന് വ്യക്തമാക്കി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം രാഷ്ട്രീയ മാധ്യമ സമ്മർദ്ദത്താലാണെന്നും എൽദോസ് കൂട്ടിച്ചേർത്തു.
ഇതിനിടെ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന എൽദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നു.