കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
75

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വാഹനങ്ങളിലെ പരിശോധന കർശനമാക്കണം. കൃത്യമായ ഇടവേളകളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, എങ്ങനെവേണമെങ്കിലും വാഹനമോടിക്കാമെന്ന് അവർ വിചാരിക്കുന്നുവെന്ന് കോടതി പറഞ്ഞു.സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഹൈക്കോടതിയുടെ കർശന നിർദേശം.

കൊച്ചിയിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി വിമർശിച്ചു. നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്. കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു നഗരമേഖലയിൽ ഹോണടിക്കുന്നത് തടയണം. ഓവർടേക്കിങ് കർശനമായി നിരോധിക്കണം. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്നുമാണ് കോടതി നിർദേശിച്ചിരുന്നത്.