യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പ്; ചരിത്രം സൃഷ്ടിച്ച് ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി മൗറ ഹീലി

0
53

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് പ്രാതിനിധ്യം. ആദ്യ സ്ത്രീ, ആദ്യത്തെ എല്‍ജിബിടിക്യു പ്രതിനിധി, കറുത്തവര്‍ഗക്കാരായ ആദ്യത്തെ സ്ഥാനാര്‍ത്ഥി എന്നിങ്ങനെ ചരിത്രപരമായ തീരുമാനങ്ങളാണ് യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പിലുണ്ടായത്. രാജ്യത്ത് ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ലെസ്ബിയനായി മസാചുസെറ്റ്‌സില്‍ നിന്നുള്ള മോക്രാറ്റായ മൗറ ഹീലി. ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ ആയിരുന്നു മൗറ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെഫ് ഡീലിനെ പരാജയപ്പെടുത്തിയാണ് ഹീലിയുടെ വിജയം. രാജ്യത്ത് ഗവര്‍ണറാകാന്‍ മത്സരിച്ച രണ്ട് ലെസ്ബിയന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ഹീലി.

മേരിലാന്‍ഡില്‍ സംസ്ഥാനത്തെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ ഗവര്‍ണറായി ഡെമോക്രാറ്റിന്റെ വെസ് മൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് മൂന്ന് കറുത്ത വര്‍ഗക്കാര്‍ മാത്രമാണ് ഗവര്‍ണര്‍ പദവികള്‍ വഹിക്കുന്നത്. കോണ്‍ഗ്രസിന് സഭയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത ഏക സംസ്ഥാനമായ വെര്‍മോണ്ടിന് ഒടുവില്‍ ഒരു സ്ത്രീ പ്രതിനിധിയെയും ലഭിച്ചു.

രാജ്യത്തുടനീളം, ഗവര്‍ണറുടെ ഓഫീസുകളിലേക്കും കോണ്‍ഗ്രസിലെ സീറ്റുകളിലേക്കുമാണ് മിഡ് ടേം തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ഗവര്‍ണര്‍മാരായി സേവിക്കുന്ന സ്ത്രീകളുടെ എണ്ണം 2023 ല്‍ ആദ്യമായി ഇരട്ട അക്കത്തിലെത്തും. കുറഞ്ഞത് 12 സ്ത്രീകളെങ്കിലും ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ ഇരുന്ന് സംസ്ഥാനങ്ങളെ നയിക്കും. സെന്റര്‍ ഫോര്‍ അമേരിക്കന്‍ വുമണ്‍ ആന്‍ഡ് പൊളിറ്റിക്സിന്റെ കണക്കനുസരിച്ച്, യുഎസില്‍ ഒരേ സമയം ഒമ്പതില്‍ കൂടുതല്‍ വനിതാ ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നില്ല. പുതിയ റെക്കോര്‍ഡോടെ രാജ്യത്തെ നാലിലൊന്ന് സംസ്ഥാനങ്ങളും നിയന്ത്രിക്കുന്നത് സ്ത്രീകളാകും.

അമി ബെറ, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍, ശ്രീ താനേദാര്‍, അരുണ മില്ലര്‍, മേഗന്‍ ശ്രീനിവാസ് എന്നീ ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.