രാജ്യത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ

0
82

രാജ്യത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ. രാജ്യത്തെ പള്ളികള്‍, ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പടെ എല്ലാ ഇന്‍ഡോര്‍, ഔട്‌ഡോര്‍ പൊതു ഇടങ്ങളിലും മാസ്‌കുകളുടെ ഉപയോഗം നിര്‍ബന്ധമല്ല. പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് ആവശ്യമല്ലെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞത് പരിഗണിച്ചാണ് തീരുമാനം. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് തീരുമാനങ്ങള്‍….

1. ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌കുകളുടെ ഉപയോഗം നിര്‍ബന്ധമാണ്

2. അല്‍ ഹൊസന്‍ ആപ്പിന്റെ ഉപയോഗം രാജ്യത്തിന് പുറത്ത് വാക്‌സിനേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനും, PCR റിസള്‍ട്ട് നല്‍കുന്നതിനും മാത്രമായി പരിമിതപ്പെടുത്തും.

3. പള്ളികളിലെത്തുന്നവര്‍ സ്വന്തമായിട്ടുള്ള നിസ്‌കാര പായകള്‍ ഉപയോഗിക്കണമെന്ന നിബന്ധന ഒഴിവാക്കി.

4. രാജ്യത്തെ പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടരും.

5. കോവിഡ് ബാധിതര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് ദിവസത്തെ ഐസൊലേഷന്‍ തുടരും.

6. കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ പരിശോധനകളുടെ ഫലം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെടുന്നതിന് സംഘാടകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.