Friday
2 January 2026
23.1 C
Kerala
HomeWorldഗാംബിയയിൽ കുട്ടികളുടെ മരണം കഫ് സിറപ്പ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ല

ഗാംബിയയിൽ കുട്ടികളുടെ മരണം കഫ് സിറപ്പ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ല

70 കുട്ടികൾ വൃക്ക ക്ഷതം മൂലം മരണപ്പെട്ടത് കഫ് സിറപ്പ് മൂലമാണെന്ന് ഗാംബിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജ്യത്തെ മെഡിസിൻസ് കൺട്രോൾ ഏജൻസിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. അതേസമയം, മരിച്ച കുട്ടികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അവരിൽ ഇ കോളി സാന്നിധ്യം ഉണ്ടെന്നും, കുട്ടികളെ വയറിളക്കം ബാധിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയതായി ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്തിനാണ് ഈ കുട്ടികൾക്ക് കഫ് സിറപ്പ് നൽകിയത് എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നത്. നേരത്തെ ഗാംബിയയിൽ കണ്ടെത്തിയ നാല് മരുന്നുകൾക്ക് എതിരെ ഒക്ടോബറിൽ ഡബ്ല്യുഎച്ച്ഒ ഒരു മെഡിക്കൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ മരുന്നുകൾ ഗുരുതരമായ വൃക്ക തകരാറുകൾക്കും, 70 കുട്ടികളുടെ മരണത്തിനും ഇടയാക്കി എന്നാരോപിച്ചായിരുന്നു ഇത്.

ഗാംബിയയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വൃക്ക തകരാറിലായ സംഭവങ്ങൾ വർധിക്കുന്നതായി ജൂലൈ അവസാനത്തോടെ കണ്ടെത്തിയിരുന്നു. തുടർന്ന് കേസുകൾ വർദ്ധിച്ചതോടെ മരുന്നുകൾ ഇതിന് കരണമായിരിക്കാമെന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു എന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഇന്ത്യയിലെ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷം എന്നിവയുടെ നാല് സിറപ്പുകളാണ് ദുരന്തത്തിന് ഇടയാക്കിയതെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ജാഗ്രതാ നിർദേശത്തെ തുടർന്ന് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഈ മരുന്നുകളുടെ ഉൽപ്പാദനം ഹരിയാന സർക്കാർ നിരോധിച്ചിരുന്നു.

കുട്ടികളുടെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഗാംബിയയിലെ ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റിയായ മെഡിസിൻസ് കൺട്രോൾ ഏജൻസിയിലെ ഉദ്യോഗസ്ഥനായ ടിജൻ ജാലോ തിങ്കളാഴ്‌ച പറഞ്ഞു. “മരുന്നാണ് ഇതിന് കാരണമായതെന്ന നിഗമനത്തിൽ ഇതുവരെ എത്തിയിട്ടില്ല. ഇവിടെ മരുന്നുകളൊന്നും കഴിക്കാതെ ഒരുപാട് കുട്ടികൾ മരിച്ചിട്ടുണ്ട്” ജാലോ പറഞ്ഞു. ഇവർ കഴിച്ച മരുന്നുകൾ പരിശോധിച്ചുവെന്നും അവയ്ക്ക് കാര്യമായ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments