Friday
19 December 2025
19.8 C
Kerala
HomeKeralaകാൻസർ സ്‌ക്രീനിങ് പോർട്ടൽ പുറത്തിറക്കി മുഖ്യമന്ത്രി

കാൻസർ സ്‌ക്രീനിങ് പോർട്ടൽ പുറത്തിറക്കി മുഖ്യമന്ത്രി

കേരള കാൻസർ കെയർ സ്യൂട്ടിന്റെ കാൻസർ സ്‌ക്രീനിങ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. നവകേരളം കർമ്മ പദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായാണ് കേരള കാൻസർ കെയർ സ്യൂട്ടിന്റെ കാൻസർ സ്‌ക്രീനിങ് പോർട്ടൽ പുറത്തിറക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ സംബന്ധിച്ചു. കേരള കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കാൻസർ കെയർ പോർട്ടൽ രൂപകൽപന ചെയ്തതെന്ന് മന്ത്രി വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: നമ്മുടെ ആരോഗ്യ മേഖല മറ്റൊരു ചുവടുവയ്പ്പിലേക്ക്. നവകേരളം കർമ്മ പദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാൻസർ കെയർ സ്യൂട്ടിന്റെ കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുറത്തിറക്കി. കേരള കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കാൻസർ കെയർ പോർട്ടൽ രൂപകല്പന ചെയ്തത്.
വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ശൈലി ആപ്പ് മുഖേന ഇതുവരെ സ്‌ക്രീൻ ചെയ്ത 37 ലക്ഷത്തിലധികം ആളുകളിൽ രണ്ടു ലക്ഷത്തി നാൽപ്പത്തിനായിരത്തിലധികം ആളുകളെയാണ് കാൻസർ ക്ലിനിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടത്.

കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കൽ സ്‌ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ ഒരു നിശ്ചിത ദിവസം ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷൻ, ഓറൽ എക്‌സാമിനേഷൻ, പാപ് സ്മിയർ പരിശോധന എന്നിവയാണ് ചെയ്യുന്നത്. പരിശോധനക്ക് ശേഷം ബയോപ്‌സി, എഫ്എൻഎസി, തുടങ്ങിയവ വേണ്ടവരെ താലൂക് ആശുപത്രികളിലേക്ക് റഫർ ചെയ്യും. താലൂക്ക് ആശുപത്രികളിൽ ഈ ടെസ്റ്റുകൾക്ക് വേണ്ട സാമ്പിളുകൾ എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സാമ്പിളുകൾ ഹബ് ആൻഡ് സ്‌പോക്ക് സാമ്പിൾ മാനേജ്‌മെന്റ് സിസ്റ്റം വഴി ജില്ലാ ലാബുകളിൽ എത്തിച്ചായിരിക്കും പരിശോധന നടത്തുന്നത്. ലാബ്‌സിസ് പോർട്ടൽ വഴി പരിശോധനാ ഫലം ലഭ്യമാക്കും. ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്. കാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൻസർ കെയർ ഗ്രിഡ് രീതിയിലാവും കാൻസർ കണ്ടെത്തുന്നവർക്ക് ചികിത്സ നൽകുന്നത്. ഈ പ്രവർത്തനങ്ങൾക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ. ഇ ഹെൽത്ത് ടീം ആണ് പോർട്ടൽ വികസിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments