ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു

0
53

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. ഭക്തിസാന്ദ്രമായ ഘോഷയാത്രയോടെയായിരുന്നു ആറാട്ട്. ആറാട്ട് കടന്നുപോകുന്നതിന്റെ ഭാഗമായി വൈകിട്ട് നാലു മുതൽ രാത്രി ഒൻപത് വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ അടച്ചിട്ടു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട തിങ്കളാഴ്ച നടന്നിരുന്നു. ഇന്നലെ വൈകിട്ട് ശംഖുമുഖത്ത് നടന്ന ആറാട്ടോടെ അൽപ്പശി ഉത്സവം കൊടിയിറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ ആറാട്ട് ചടങ്ങ് ആരംഭിച്ചു. ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തി. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങി.

വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോയത്. ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വൈകീട്ട് 4 മണി മുതൽ 9 വരെ അടച്ചിട്ടു. ഈ അഞ്ച് മണിക്കൂർ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചിരുന്നു. 1932 ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്നതാണിത്. തുടർന്ന് ശംഖുമുഖത്ത് ഭക്തിസാന്ദ്രമായ ആറാട്ട്.

നൂറു കണക്കിനാളുകളാണ് ഇതിനായി എത്തിയത്. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.