മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ശൃംഖല

0
114

മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയിൽ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് തന്നെ ശൃംഖല തീർക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും.

വാർഡുകളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉൾപ്പെടെയുള്ളവർ ഓരോ പരിപാടിയിലും പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്കൊപ്പം കാൽലക്ഷം വിദ്യാർഥികളും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും.

വിവിധ ജില്ലകളിൽ ശൃംഖലയ്‌ക്കൊപ്പം ലഹരിക്കെതിരെ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ ദൈർഘ്യത്തിൽ ലഹരിവിരുദ്ധ ശൃംഖല തീർക്കും. വൈകുന്നേരം കേന്ദ്രീകരിക്കാൻ പ്രയാസമുള്ള മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ, സൗകര്യപ്രദമായ സമയം നിശ്ചയിച്ച് പരിപാടി നടത്താം.

മയക്കുമരുന്നിനെതിരെ ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വിപുലമായ പ്രചാരണ പരിപാടികളിലൊന്നിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ദശലക്ഷക്കണക്കിന് പേരാണ് ലഹരിക്കെതിരെ കണ്ണിചേരുന്നത്. വിദ്യാർഥികളിലും യുവാക്കളിലും ലഹരിക്കെതിരെ ബോധവത്കരണം സൃഷ്ടിക്കാനും, സാമൂഹ്യമായ പ്രതിരോധം തീർക്കാനും സർക്കാരിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളും സ്വീകരിക്കുന്നുണ്ട്. ലഹരിമുക്ത കേരളത്തിനായുള്ള പ്രവർത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈ മഹാപോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി എം.ബി. രാജേഷ് അഭ്യർഥിച്ചു.

ഒക്ടോബർ ആറിന് മുഖ്യമന്ത്രിയാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കിയിരുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥി/ യുവജനസംഘടകൾ, സർവ്വീസ് സംഘടനകൾ, വ്യാപാരിവ്യവസായി സംഘടനകൾ എന്നിവയുടെ യോഗവും വിളിച്ചുചേർത്തു. ജനപ്രതിനിധികൾ അദ്ധ്യക്ഷൻമാരായി സാമൂഹ്യ-സാമുദായിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വാർഡുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സമിതികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

പ്രചാരണ പരിപാടിയുടെ ഭാഗമായി 2939 സ്‌കൂളുകൾ, 444 കോളേജുകൾ, 478 സ്‌കൂൾ/കോളേജ് പി.ടി.എ-കൾ, 541 ലൈബ്രറികൾ, 1048 വാർഡുകൾ, 178 ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബുകൾ, 1848 കുടുംബശ്രീ യൂണിറ്റുകൾ, 186 അതിഥി തൊഴിലാളി ക്യാമ്പുകൾ, 126 റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ എക്‌സൈസ് വകുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ തീരപ്രദേശത്ത് 50 പരിപാടികളും, ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് 220 പരിപാടികളും, മറ്റ് വിവിധ വിഭാഗങ്ങളുമായി ചേർന്ന് 1279 ലഹരിവിരുദ്ധ പരിപാടികളും നടത്തി. ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ എട്ടുദിവസം നീണ്ടുനിന്ന സൈക്കിൾ റാലി സംഘടിപ്പിച്ചു. എൻഎസ്എസ്, എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. മത്സരങ്ങളും കലാജാഥകളും റാലികളും ഫ്‌ലാഷ് മോബും തെരുവ് നാടകങ്ങളും പ്രചാരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വീടുകളിലും ഗ്രന്ഥശാലകളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിക്കുന്നത് പോലെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ എക്‌സൈസും പോലീസും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്തംബർ 16 ന് ആരംഭിച്ചു. എല്ലാ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി അവരെ നിരീക്ഷിച്ച് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിച്ച് വരുന്നു.

ലഹരി വിരുദ്ധ ശൃംഖലയിൽ ചൊല്ലാനുള്ള പ്രതിജ്ഞ

മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണമായും നശിപ്പിക്കുമെന്നും ഞാൻ മനസിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. ‘ജീവിതമാണ് ലഹരി‘ എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ ഈ ആശയം പകർത്തുന്നതിന് ഞാൻ പ്രയത്‌നിക്കുകയും ചെയ്യും. ‘ലഹരിമുക്തനവകേരളം‘ പടുത്തുയർത്തുവാൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.