‘ദി വയർ’ സ്ഥാപകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്‌ഡ്‌

0
59

പ്രമുഖ ന്യൂസ് വെബ്‌സൈറ്റായ ദ വയറിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വർദരാജൻ, എംകെ വേണു എന്നിവരുടെ വീടുകളിൽ ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചു വരികയാണ്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദി വയറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തതിന് തൊട്ടു പിന്നാലെയാണ് നടപടി.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്‌റ്റഗ്രാമിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ തനിക്ക് പ്രത്യേക അധികാരങ്ങൾ ലഭിച്ചുവെന്ന റിപ്പോർട്ടിൽ പോർട്ടലിനെതിരെ നടപടിയെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് മാളവ്യ പോലീസിൽ പരാതി നൽകിയത്. തന്നെ അപകീർത്തിപ്പെടുത്താനാണ് സ്ഥാപനം വ്യാജരേഖ ചമച്ചതെന്ന് അമിത് മാളവ്യ പരാതിയിൽ ആരോപിച്ചിരുന്നു.

ദ വയറിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എംകെ വേണു, ഡെപ്യൂട്ടി എഡിറ്റർ ജാഹ്നവി സെൻ എന്നിവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ എന്നിവയ്ക്ക് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.

സംഭവത്തിന് ആധാരമായ കേസ്:

ഒക്ടോബർ 6ന് “Cringearchivist” എന്ന ഒരു സ്വകാര്യ അക്കൗണ്ട് അപ്‌ലോഡ് ചെയ്‌ത ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് ഏതാനും മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്‌തതായി ദി വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ബിജെപിയുടെ ഐടി സെൽ മേധാവിയായ അമിത് മാളവ്യയ്ക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്‌റ്റഗ്രാമിൽ നിന്ന് പോസ്‌റ്റുകൾ നീക്കം ചെയ്യാൻ ചില പ്രത്യേക അവകാശങ്ങളുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഇത് വിവാദമായിരുന്നു. എന്നാൽ വെബ്‌സൈറ്റ് അമിത് മാളവ്യക്ക് എതിരായ റിപ്പോർട്ടിൽ ഉറച്ചു നിന്നിരുന്നു. തങ്ങൾക്ക് നേരിട്ടറിയാമായിരുന്ന വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒക്‌ടോബർ 11ന് മെറ്റയുടെ കമ്മ്യൂണിക്കേഷൻ ഹെഡ് ആൻഡി സ്‌റ്റോൺ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുകയും രേഖകൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ വാർത്തകൾ പിൻവലിക്കാനും ക്ഷമാപണം നടത്താനും ‘ദി വയർ’ നിർബന്ധിതരായിരുന്നു. ലഭിച്ച സാങ്കേതിക തെളിവുകൾ സ്വതന്ത്രമായി പരിശോധിക്കാതെ വിശ്വസനീയമെന്ന് കരുതി ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ തിടുക്കം കൂട്ടിയത് വീഴ്‌ചയാണ്‌. അത് ആവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല” എന്നായിരുന്നു വയറിന്റെ വിശദീകരണം.