​ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ അപകടാവസ്ഥ ഇല്ല,അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും

0
78

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രീഷ്‌മയുടെ ആരോഗ്യനിലയിൽ അപകടാവസ്ഥ ഇല്ലെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗ്രീഷ്‌മയുടേത് ആത്മഹത്യാനാടകമെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമെന്നും മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ് പി ഡി ശില്പ അറിയിച്ചു. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.

പ്രതി തന്നെയാണ് ലായനി കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അറിഞ്ഞതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി. ഉടന്‍ തന്നെ വയറു കഴുകിയെന്നും ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അണുബാധ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ കൊണ്ടു വന്ന് ഇവിടെ വെച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റൂറല്‍ എസ് പി പറഞ്ഞു.