ഒഡീഷയില്‍ ട്രക്ക് നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0
97

ഒഡീഷയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലത്തില്‍ നിര്‍മാണം സംബന്ധിച്ച സൂചനാ ബോര്‍ഡുകളോ ബാരിക്കേഡുകളോ ഉണ്ടായിരുന്നില്ല. നേരം ഇരുട്ടിയതിനാല്‍ പാതി നിര്‍മിച്ച പാലവും സൈഡ് റോഡും കാണാതെ ഡ്രൈവര്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മയൂര്‍ഭഞ്ചില്‍ ബോംബെ ചക്കിന് സമീപം എന്‍എച്ച്-49 ല്‍ ആയിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക് വീണതോടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഒഡി 09 കെ 2360 എന്ന നമ്പരിലുള്ള ട്രക്ക് കിയോഞ്ജറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ അപകടത്തിന് മുമ്പ് ദേശിയപാതയില്‍ വെച്ച് ചിലര്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.

എന്നാലിത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ മുന്നോട്ട് നീങ്ങിയതോടെ വാഹനം മറുവശത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വഴിതിരിച്ചുവിടുന്നതിനുള്ള അറിയിപ്പോ മറ്റ് സൂചനകളോ ബാരിക്കേഡോ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ 18, 49 ദേശീയപാതകള്‍ ഉപരോധിച്ചു. ഏറെനേരം പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.