നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്.
ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപും ശരത്തും കോടതിയില്‍ ഹാജരാകണം. നവംബർ 10 ന് കേസിന്‍റെ വിചാരണ തുടങ്ങും. കോടതി വിധി ആശ്വാസമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകര്‍ പ്രതികരിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു.
ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു, ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതാണ് കുറ്റം.
മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച് പൾസർ സുനിയും കൂട്ടാളികളും പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്ത് ആയ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ ദൃശ്യങ്ങൾ ഐ പാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്ര കുമാർ മൊഴി നൽകിയിട്ടുണ്ട്.
112 സാക്ഷി മൊഴികളും 300 ലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.