കെനിയയില്‍ കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല

0
74

കെനിയയില്‍ (Kenya)കാണാതായ ഇന്ത്യന്‍ വംശജര്‍ സുല്‍ഫിക്കര്‍ അഹമ്മദ് ഖാന്‍ മുഹമ്മദ് സായിദ് സമി കിദ്വായ് എന്നിവര്‍ മരണപ്പെട്ടതായുളള റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. സുല്‍ഫിക്കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത്. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും കേസില്‍ ഇപ്പോളും അന്വേഷണം നടക്കുകയാണെന്നും സുല്‍ഫിക്കറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പെയ്ന്‍ ടീമിന്റെ ഭാഗമായിരുന്ന സുല്‍ഫിഖര്‍ അഹമ്മദ് ഖാനും മുഹമ്മദ് സായിദ് സമി കിദ്വായിയും ഒരു സംഘം കൊല്ലപ്പെടുത്തി. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കെനിയന്‍ പ്രസിഡന്റിന്റെ അടുത്ത സഹായിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കെനിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായിവിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം കെനിയയില്‍ ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് സുല്‍ഫിക്കറിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.’ കെനിയയിലെ ഡിസിഐ (ഡയറക്ടറേറ്റ് ഓഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍) യുടെ ഒരു എലൈറ്റ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍, ഡെന്നിസ് ഇറ്റുമ്പിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റ് ഉദ്ധരിച്ച് സുല്‍ഫിയെയും മറ്റ് രണ്ട് പേരെയും തട്ടിക്കൊണ്ടു പോയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത് നിങ്ങള്‍ വായിച്ചിരിക്കാം. എന്നാല്‍ ഇറ്റുമ്പിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റും കെനിയന്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ ട്വിറ്ററിലെയും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഊഹാപോഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഈ വിവരങ്ങള്‍ക്കൊന്നും തെളിവുകളുടെ പിന്തുണയില്ല. അവര്‍ സ്വയം നിര്‍മ്മിച്ചതാണ് ഇതെന്നാണ് തോന്നുന്നത്. മിക്ക മാധ്യമ റിപ്പോര്‍ട്ടുകളും മിസ്റ്റര്‍ ഡെന്നിസ് ഇറ്റുമ്പിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ അടിസ്ഥാനമാക്കിയുളളതാണ്’ സുല്‍ഫിക്കറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

‘ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കെനിയന്‍ പ്രസിഡന്റ് വില്യം സമോയി റുട്ടോയോട് ഈ വിഷയത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമായി പറയുന്നുണ്ട്. കേസ് ഇപ്പോള്‍ സജീവമായ അന്വേഷണത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. സുല്‍ഫി ജീവിച്ചിരിപ്പില്ല എന്നതിന് നിര്‍ണായകമായ യാതൊരു തെളിവുകളും കെനിയന്‍ അധികൃതര്‍ ഹാജരാക്കുകയോ അങ്ങനെ അവകാശപ്പെടുകയോ ചെയ്തിട്ടില്ല. കേസ് സജീവമായ അന്വേഷണത്തിലാണ് എന്നുമാത്രമാണ് അധികാരികളില്‍ നിന്ന് ആകെ ലഭ്യമായ വിവരം’സുല്‍ഫിക്കറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

സുല്‍ഫിക്കര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വാദിച്ച അവര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ‘സുല്‍ഫിയെ കണ്ടെത്താന്‍ കെനിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ കെനിയയില്‍ ഒരു അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം ആരംഭിക്കാനും ഞങ്ങള്‍ പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’ അവര്‍ പറഞ്ഞു.