ദീപാവലി ആഘോഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷം ഏറെ മോശമായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് പടക്കം പോട്ടിയ്ക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും നിയമലംഘനം വലിയ തോതില്‍ നടന്നിരുന്നു. ഇത് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഏറെ വര്‍ദ്ധിപ്പിച്ചിരുന്നു.
എന്നാല്‍, ഭാഗ്യവശാല്‍ വീശിയടിക്കുന്ന കാറ്റ് ഡല്‍ഹിയ്ക്ക് അനുകൂലമാവുകയാണ്. അതായത്, കാറ്റ് ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തി. വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും “മോശം” അവസ്ഥയില്‍ തുടരുകയാണ്.
എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) രാവിലെ 6 മണിക്ക് 262 ആയിരുന്നു, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് 303 ൽ നിന്ന് ഇത് മെച്ചപ്പെട്ടു. ദീപാവലി ദിനമായ തിങ്കളാഴ്ച വൈകീട്ട് നാലിന് 312 ആയിരുന്നു. അടുത്ത പ്രദേശങ്ങളായ ഗാസിയാബാദ് (262), നോയിഡ (246), ഗ്രേറ്റർ നോയിഡ (196), ഗുരുഗ്രാം (242), ഫരീദാബാദ് (243) എന്നിവയും വായു മലിനീകരണത്തിന്‍റെ പിടിയിലാണ്.
ദീപാവലി രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പ്രദേശവാസികള്‍ ലംഘിച്ചതിനെത്തുടർന്നാണ് വായുവിന്‍റെ ഗുണ നിലവാരം കൂടുതല്‍ മോശമായത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ദീപാവലിയ്ക്ക് ശേഷം ഡല്‍ഹില്‍ വായു മലിനീകരണ തോത് വളരെയധികം ഉയരുക പതിവാണ്. കൂടാതെ, അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ കൊയ്ത്തിന് ശേഷം അവശേഷിക്കുന്ന കറ്റകള്‍ കത്തിയ്ക്കുന്നതും വായു മലിനീകരണത്തിന് വഴി തെളിയ്ക്കുന്നു.
അതേസമയം, ഈ കുറഞ്ഞ താപനിലയും വീശിയടിക്കുന്ന കാറ്റും ഡല്‍ഹി യെ ഉയര്‍ന്ന മലിനീകരണ ത്തില്‍നിന്ന് രക്ഷിക്കുകയാണ്…. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ദീപാവലി ദിനത്തിൽ തലസ്ഥാനത്ത് PM2.5 സാന്ദ്രതയിൽ 64 ശതമാനം കുറവും PM10 ലെവലിൽ 57 ശതമാനം കുറവും രേഖപ്പെടുത്തി.
ഇത്തവണ താരതമ്യേന മെച്ചപ്പെട്ട വായുവിന്‍റെ ഗുണനിലവാരം പഞ്ചാബില്‍ വൈക്കോൽ കത്തിയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും മെച്ചപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും ഒപ്പം ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കൽ കുറഞ്ഞതും കാരണമായി.