വാടക ഗർഭധാരണത്തിലൂടെ നയൻതാരയും വിഘ്നേശ് ശിവനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സംഭവത്തിൽ നിയമവിരുദ്ധമായി താരദമ്പതികൾ ഒന്നും ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സർക്കാരിന്റെ റിപ്പോർട്ട്. വിവാഹിതരായി നാല് മാസത്തിനുള്ളിൽ ഇരുവരും വാടക ഗർഭധാരണത്തിലൂടെ മാതാപിതക്കളായ സംഭവം നിയമവിരുദ്ധമാണെന്ന് വിവാദത്തെ തുടർന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ താരദമ്പതികൾ തങ്ങൾ 2016ൽ നിയമവിധേയമായി വിവാഹിതരാണെന്ന് അന്വേഷണ സംഘത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വാടക ഗർഭധാരണത്തിൽ നയന്താരയും വിഘ്നേശും യാതൊരു ക്രിതൃമത്വം നടത്തിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
വിവാഹം നടന്ന് ചുരുങ്ങിയ കാലം കൊണ്ട് താരദമ്പതികൾ കുട്ടികളുടെ മാതാപിതാക്കളായ വാർത്ത പുറത്ത് വന്നപ്പോൾ നയന്താരയും വിഘ്നേശും ഐഎസിഎംആറിന്റെ വാടക ഗർഭധാരണ ചട്ടങ്ങൾ ലംഘിച്ചുയെന്നുള്ള വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതെ തുടർന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യൻ രണ്ട് പീഡിയാട്രിക് ഡോക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ചെയ്തു.
എന്നാൽ നയൻസും വിഘ്നേശും 2016 മാർച്ച് 11ന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഇരുവരും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഡിസംബറിൽ വാടക ഗർഭധാരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു എന്ന് തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താരദമ്പതികൾ വെളിപ്പെടുത്തി. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ചികിത്സ സംബന്ധിച്ച കൃത്യമായ രേഖകൾ ഇല്ലാത്തിനാൽ ആശുപത്രിക്ക് നോട്ടീസ് നൽകിട്ടുണ്ട്. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു. കൂടാതെ വാടക ഗർഭധാരണത്തിനായി തിരഞ്ഞെടുത്ത സ്ത്രീ ഒരു കുട്ടിയുടെ അമ്മയാണെന്നും അന്വേഷണത്തിൽ വ്യക്തമാക്കുകയും ചെയ്തു.
ഒക്ടോബർ 9നാണ് ഇൻസ്റ്റഗ്രാം പേജിലൂട വിഘ്നേശ് ശിവൻ അവർ ഇരട്ട ആൺകുട്ടികളുടെ അമ്മയും അപ്പയും ആയെന്ന വിവരം അറിയിച്ചത്. കുഞ്ഞിക്കാലുകളിൽ ഇരുവരും ഉമ്മ വയ്ക്കുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. ജൂൺ 9ന് ആയിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹചടങ്ങുകൾ. ദീപാവലി ദിനത്തിൽ ഇരുവരും മക്കളെ കൈയിൽപിടിച്ച് ദീപാവലി ആശംസ നേർന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.