ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി

0
47

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘സിട്രാങ്’എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിൽ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ബം​ഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനുമിടയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ബംഗാളിലെ സാഗർ ദ്വീപിന് 1,460 കിലോമീറ്റർ തെക്കുകിഴക്കായി വടക്കൻ ആൻ‍ഡമാനിലാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ ന്യൂനമർദം രൂപപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 5.30 ന് ബംഗാളിലെ സാഗർ ദ്വീപിന് തെക്ക് 580 കിലോമീറ്റർ ദൂരത്തും ബംഗ്ലാദേശിലെ ബാരിസാലിന് തെക്ക്-തെക്ക് പടിഞ്ഞാറായി 740 കിലോമീറ്റർ അകലെയായിരുന്നു സ്ഥാനം. 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നൽ ജാ​ഗ്രതാ നിർദേശങ്ങൾ:

1) മഴക്കാറുള്ളപ്പോഴോ ഇടിമിന്നൽ ഉള്ളപ്പോഴോ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

2) ഇടിമിന്നൽ ഉള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

3) ജനലും വാതിലും അടച്ചിടുക.

4) ലോഹ വസ്തുക്കളിൽ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകരുത്.

5) വീടിന് പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

6) യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

7) ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

8) ഇടിമിന്നൽ സമയത്ത് പട്ടം പറത്താൻ പാടില്ല.

9) തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

10) ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

11) ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.