കൈത്തോക്കുകളുടെ വിപണിക്ക് നിരോധനം ഏർപ്പെടുത്തി കാനഡ

0
71

കൈത്തോക്കുകളുടെ വിപണിക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. തോക്ക് വിൽക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതിനുമാണ് നിരോധനം. തോക്കുകൾ ഉപയോ​ഗിച്ചുള്ള അക്രമങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അക്രമങ്ങൾ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുൻകാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയാമിതെന്ന് ട്രൂഡോ വ്യക്തമാക്കി. 2022 മെയ് മാസത്തിലാണ് ഇത് സംബന്ധിച്ച് പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്. ഗാർഹിക പീഡനത്തിലോ ക്രിമിനൽ പീഡനക്കേസുകളിലോ ഉൾപ്പെട്ട ആളുകളുടെ കൈവശം ഉള്ള തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനും ബില്ലിൽ നിർദേശമുണ്ട്. ഈ നടപടികളിലൂടെ തോക്ക് ഉപയോ​ഗിച്ചുള്ള അക്രമങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബിൽ നിർദ്ദേശിക്കുന്നു.

കൈത്തോക്കുകൾ ഉപയോ​ഗിച്ചുള്ള അതിക്രമങ്ങൾ രാജ്യത്ത് വർധിച്ച് വരുന്നതിനാൽ ഇവയുടെ വിപണി മരവിപ്പിക്കുകയാണെന്ന് ട്രൂഡോ പറഞ്ഞു. ഇന്ന് മുതൽ രാജ്യത്ത് കൈത്തോക്കുകൾ വിൽക്കാനോ, വാങ്ങാനോ, കൈമാറ്റം ചെയ്യാനോ കഴിയില്ലെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു. പുതുതായി വാങ്ങിയ തോക്കുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലും വിലക്കുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.