കൈത്തറി ഉല്‍പന്നങ്ങളുടെ 5% ജിഎസ്ടി നീക്കം ചെയ്യണം: ഓണ്‍ലൈന്‍ ക്യാംപയിന്‍ ആരംഭിച്ച് കെ ടി രാമറാവു

0
117

പോസ്റ്റ്കാര്‍ഡ് ക്യാംപയിന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, തെലങ്കാന കൈത്തറി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയും ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു, നെയ്ത്തുകാരുടെ അവകാശ സംരക്ഷണത്തിനായി ഓണ്‍ലൈന്‍ പരാതി ക്യാംപയിനിനു തുടക്കം കുറിച്ചു. കൈത്തറി ഉല്‍പന്നങ്ങളുടെ 5% ചരക്ക് സേവന നികുതി (ജിഎസ്ടി) നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഓണ്‍ലൈന്‍ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. ‘ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക.’ എന്ന സന്ദേശവുമായാണ് പ്രചാരണം.

യാന്ത്രിക ഊര്‍ജ്ജത്തിന്റെ സഹായമില്ലാതെ തനതായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏകദേശം 5 ദശലക്ഷം കൈത്തറി തൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്ന് കെടിആര്‍ വ്യക്തമാക്കി. ഗ്രാമീണ അധിഷ്ഠിതവുമായ കൈത്തറി വ്യവസായത്തില്‍ ഭൂരിഭാഗവും കൈയ്യാളുന്നത് സ്ത്രീകളാണ്. കൈത്തറി ഉല്‍പന്നങ്ങളുടെ 5% ജിഎസ്ടി പിന്‍വലിക്കണമെന്ന് ശനിയാഴ്ച കെടിആര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് പോസ്റ്റ്കാര്‍ഡ് എഴുതിയിരുന്നു.

ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ കെടിആര്‍ ഞായറാഴ്ചയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചത്. നിവേദനത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത മന്ത്രി കെടിആര്‍, എല്ലാവരും നിവേദനത്തില്‍ ഒപ്പിടണമെന്നും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടണമെന്നും അഭ്യര്‍ത്ഥിച്ചു. ‘ശ്രേഷ്ഠമായ ലക്ഷ്യത്തിനായി’ കൈകോര്‍ക്കാന്‍ അദ്ദേഹം ആളുകളോട് അഭ്യര്‍ത്ഥിച്ചു.

‘കൈത്തറി മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ടുള്ള ഭീഷണിയാണ് കൈത്തറിയിലെ ജിഎസ്ടി. രാജ്യത്തുടനീളമുള്ള നെയ്ത്തുകാര്‍ കൈത്തറിയുടെ നികുതിയെ ഏകകണ്ഠമായി എതിര്‍ക്കുന്നു, കാരണം ഇത് വലിയ നഷ്ടമുണ്ടാക്കുകയും പരമ്പരാഗത കരകൗശല ജോലിയില്‍ നിന്ന് പിന്തിരിയാന്‍ പലരെയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു, ”-അദ്ദേഹം ട്വീറ്റ് ചെയ്തു.

കൈത്തറി മേഖല ഏറ്റവും വലിയ അസംഘടിത മേഖലയാണെന്നും ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ ഉപജീവനത്തിന്റെ അവിഭാജ്യ ഘടകമാണ് കൈത്തറി മേഖലയെന്നും മന്ത്രി കെ.ടി.ആര്‍ പറഞ്ഞു. ‘ഇന്ത്യയിലെ കൈത്തറി മേഖല കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നട്ടംതിരിയുകയാണ്, നികുതി വര്‍ധിപ്പിക്കാനുള്ള ഏതൊരു നീക്കവും ഈ മേഖലയ്ക്ക് മരണമണി മുഴക്കും,’ കൈത്തറി നെയ്ത്ത് ഏറ്റവും സമ്പന്നവും ഊര്‍ജ്ജസ്വലവുമായ വശങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം കൈത്തറിക്ക് ജിഎസ്ടി ചുമത്തുന്ന ആദ്യ സര്‍ക്കാരാണിതെന്നും കെ.ടി.ആര്‍ പറഞ്ഞു.

ടിആര്‍എസ് അംഗം കവിത കല്‍വകുന്ത്‌ലയും ഓണ്‍ലൈന്‍ ഹര്‍ജിയില്‍ പങ്കെടുത്തു. ”നമ്മുടെ കൈത്തറി വ്യവസായം സമ്പന്നമായ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ജിഎസ്ടി ചുമത്തുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാണ്. നമ്മുടെ കൈത്തറി വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി കെടിആറിന്റെ സംരംഭത്തില്‍ ഞാനും ചേരുന്നു.”- കവിത കല്‍വകുന്ത്‌ല ട്വീറ്റ് ചെയ്തു.