കാപിറ്റോള്‍ കലാപം ; മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകണം

0
66

കാപിറ്റോൾ കലാപത്തിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ നോട്ടീസ്. ജനുവരി 6 ന് നടന്ന യുഎസ് കാപിറ്റോൾ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധിസഭയുടെ ഒമ്പതംഗ പാനലാണ് നവംബർ 14 ന് ഹാജരാകാൻ വിളിച്ചിരിക്കുന്നത്.

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടർന്ന് ജനുവരി 6 ന്‌ നടന്ന കാപിറ്റോൾ കലാപത്തെക്കുറിച്ചാണ് പാനൽ അന്വേഷിക്കുന്നത്. കലാപത്തിന് പ്രേരിപ്പിച്ചതിൽ ഡൊണാൾഡ് ട്രംപിന് പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് കലാപത്തിന് പിന്നിലെ കാരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്. കാപ്പിറ്റോളിൽ നേരിട്ടെത്തിയോ വീഡിയോ കോൺഫറൻസിംഗിലൂടെയോ ഹാജരാകാൻ ട്രംപിന് നോട്ടീസ് നൽകിയിട്ടുണ്ട്.

2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപാണ് മുഴുവൻ പരിപാടിയും ആസൂത്രണം ചെയ്തതെന്ന് പാനൽ വിലയിരുത്തി.’2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സമാധാനപരമായ അന്തരീക്ഷം തടസ്സപ്പെടുത്താനുമുള്ള ഒരു ശ്രമം നിങ്ങൾ സംഘടിപ്പിക്കുകയും അതിനായി മേൽനോട്ടം വഹിക്കുകയും ചെയ്തതിന്റെ തെളിവുകൾ, നിങ്ങളുടെ മുൻ ഉദ്യോഗസ്ഥരിൽ നിന്നൾപ്പെടെ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.’ കമ്മിറ്റി ട്രംപിന് കത്തെഴുതിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാപ്പിറ്റോൾ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ട്രംപിന് തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണിത്.