ആഫ്രിക്കൻ പന്നിപ്പനി; ചെമ്മണാമ്പതിയിൽ 193 പന്നികളെ കൊന്നു

0
117

മുതലമട ചെമ്മണാമ്പതിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നൊടുക്കി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി ബി പത്മജയുടെ നേതൃത്വത്തിൽ ആർആർടി അംഗങ്ങൾ ഫാമിലെ വിവിധ പ്രായത്തിലുള്ള 193 പന്നികളെ സർക്കാർ പ്രോട്ടോകോൾ പ്രകാരം ദയാവധം നടത്തി സംസ്കരിച്ചു. മുതലമട ചെമ്മണാമ്പതിയിൽ സ്വകാര്യ ഫാമിലെ പന്നികളിൽ കഴിഞ്ഞദിവസമാണ് പന്നിപ്പനി കണ്ടെത്തിയത്. നാലുദിവസം മുമ്പ് രണ്ട് പന്നി ചത്തിരുന്നു. പ്രദേശം സന്ദർശിച്ച മൃഗസംരക്ഷണവകുപ്പ് സാമ്പിൾ ശേഖരിച്ച് ഭോപാൽ ലാബിലേക്ക് അയച്ച്‌ രോഗം സ്ഥിരീകരിച്ചു.

തുടർന്നാണ്‌ വ്യാഴാഴ്ച പന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. മൃഗ സംരക്ഷണ ഓഫീസർക്ക് പുറമെ ചീഫ് വെറ്ററിനറി ഓഫീസർ എസ് ശെൽവമുരുകൻ, ജില്ലാ എപിഡമോളജിസ്റ്റ് ജോജു ഡേവിസ്, താലൂക്ക് കോ–-ഓർഡിനേറ്റർ കെ വി വത്സലകുമാരി, കൊല്ലങ്കോട് സീനിയർ വെറ്ററിനറി സർജൻ എസ് രാംകുമാർ, ഡോക്‌ടർമാരായ കെ മുത്തുസ്വാമി, ബിജോയ്, എം പി ബാബു, ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർമാരായ എസ് അഹമ്മദ് ഷെരീഫ്, പി പ്രദീപ്, ആർ ഫിറോസ് ഖാൻ, എ പി ഷാനവാസ്, വി എസ് ബാബു, പി വിനോദ്, ജോളി മാത്യു, ഇ ആർ സന്തോഷ്, സി സുരേഷ്, കെ ഗീതപ്രിയൻ, വി ശംഭുകുമാരൻ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.