റാബി വിളകൾക്ക് കേന്ദ്രം പ്രഖ്യാപിച്ച മിനിമം താങ്ങുവില തികച്ചും അപര്യാപ്‌തമാണെന്ന് അഖിലേന്ത്യ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത തോതിൽ കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ നിലവിൽ പ്രഖ്യാപിച്ച താങ്ങുവിലകൾക്ക് കഴിയില്ല. ഗോതമ്പിന് 5.5 ശതമാനവും കടലയ്‌ക്ക് രണ്ട് ശതമാനവും മാത്രമാണ് താങ്ങുവില വർധിപ്പിച്ചത്. ഇക്കൊല്ലം ഭൂരിപക്ഷം മാസങ്ങളിലും പണപ്പെരുപ്പനിരക്ക് ഏഴ് ശതമാനത്തിൽ കൂടുതലായിരിക്കെയാണ് താങ്ങുവിലയിൽ നാമമാത്രമായ വർധന.
ഇന്ധനം, വളം എന്നിവയുടെ വില ഒരു വർഷത്തിനുള്ളിൽ കുതിച്ചുയർന്നു. താങ്ങുവില ഓരോ ആറ് മാസത്തിലും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഏറിയ പങ്ക് പ്രദേശങ്ങളിലും കേന്ദ്ര ഏജൻസികളുടെ പൊതുസംഭരണം നടക്കുന്നില്ല. താങ്ങുവിലയെക്കാൾ കുറഞ്ഞ നിരക്കിൽ കർഷകർക്ക് വിളകൾ നൽകേണ്ടിവരുന്നു. മോദിസർക്കാർ പിന്തുടരുന്ന കർഷകവിരുദ്ധ നിലപാടിനെ അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും അപലപിച്ചു.