ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ അയല്‍വീടുകളില്‍ മോഷണം, യുവാവ് പിടിയില്‍

0
118

ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ട ഒന്നര ലക്ഷം കണ്ടെത്താൻ അയൽവീടുകളിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചയാളെ ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞുമല പുതുക്കാട് പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. വണ്ടിപ്പെരിയാർ മഞുമലയിലെ ഒരു വീട്ടിൽ നിന്നും മൂന്നു പവൻ സ്വർണ്ണം മോഷണം പോയെന്ന് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പൊലീസിന് പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയപ്പോൾ മറ്റ് അഞ്ച് വീടുകളിൽ നിന്ന് കൂടി സ്വർണ്ണം മോഷണം പോയെന്ന പരാതിയുമായി ആളുകളെത്തി.

സ്വർണം നഷ്ടപ്പെട്ടവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് മഞുമല പുതുലയം സ്വദേശി യാക്കൂബിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചത്. ആളുകൾ പുറത്തുപോകുമ്പോൾ വീടുകളുടെ വെളിയിൽ ഒളിച്ചുവയ്‍ക്കുന്ന താക്കോലെടുത്ത് വീട്ടിനുള്ളില്‍ കട‍ന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം താക്കോൽ തിരികെ അതേ സ്ഥലത്ത് വയ്ക്കും. അതിനാൽ മോഷണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം ഉടമ അറിയുക.

യാക്കൂബിന് പുതിയ വീട് പണിയാൻ മാതാപിതാക്കളിൽ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഇതിൽ ഒന്നര ലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടു. ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച സ്വർണം വണ്ടിപ്പെരിയാറിലെ വിവിധ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.