വിഖ്യാത ബംഗാളി നാടക നടി ബിനോദിനിയുടെ ജീവിതം സിനിമയാകുന്നു. ചിത്ത്രില്‍ ആരാകണം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിരിക്കുകയാണ്. ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയെല്ലാം പേരുകള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അവസാനം കങ്കണ റണാവത്തിനാണ് നറുക്ക് വീണത്.
ബംഗാളി തിയേറ്റര്‍ നടിയായിരുന്നു ബിനോദിനി ദാസി. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ നിന്നാണ് ബിനോദിനി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയത്. 1874ല്‍ തന്റെ 12-ാം വയസിലാണ് കല്‍ക്കട്ട നാഷണല്‍ തിയേറ്ററില്‍ കളിച്ച നാടകത്തില്‍ ആദ്യമായി സീരിയസ് വേഷം കൈകാര്യം ചെയ്യുന്നത്.
ഈ കാലഘട്ടത്തില്‍ സ്ത്രീകളുടെ കഥാപാത്രങ്ങള്‍ പോലും കൈകാര്യം ചെയ്തിരുന്നത് പുരുഷന്‍മാരായിരുന്നു. ലൈംഗിക തൊഴിലാളികളുടെ വേഷം മാത്രമാണ് അന്ന് സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, ഇവയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ബിനോദിനി ദാസിയായിരുന്നു.
1863ല്‍ കല്‍ക്കട്ടയിലായിരുന്നു ബിനോദിനിയുടെ ജനനം. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ വളരുമ്പോഴും ബിനോദിനിയുടെ മനസില്‍ വലിയ സ്വപ്‌നങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതിലും എത്രയോ വലുതായിരുന്നു ബിനോദിനി അനുഭവിച്ച ദാരിദ്ര്യം. ഇതിനാല്‍ തന്റെ അനിയന്‍ 5-ാം വയസില്‍ തന്നെ വിവാഹിതനായി. സ്ത്രീധനവും ആഭരണങ്ങളും ഉപയോഗിച്ച് ദാരിദ്ര്യത്തെ മറികടക്കാനായിരുന്നു ഇത്.
ഗിരീഷ് ചന്ദ്ര ഘോഷ് എന്ന മുതിര്‍ന്ന സംവിധായകനെ കണ്ടുമുട്ടിയതോടെയാണ് ബിനോദിനിയുടെ തലവര മാറിയത്. ബേനി സന്‍ഹാര്‍ എന്ന ചിത്രത്തിലൂടെയാണ് 12-ാം വയസില്‍ ബിനോദിനി അരങ്ങില്‍ കയറിയത്. പിന്നീടുള്ള 12 വര്‍ഷങ്ങള്‍ക്കിടെ 80ഓളം നാടകങ്ങളില്‍ അഭിനയിച്ചു. 90ലധികം കഥാപാത്രങ്ങള്‍ക്കാണ് ബിനോദിനി ജീവന്‍ നല്‍കിയത്.
കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതിന് പകരം തന്റെ ജീവിതം തന്നെ അവയിലേയ്ക്ക് ആവാഹിക്കുകയായിരുന്നു ബിനോദിനി. പിന്നീട് ബിനോദിനി ദാസി അറിയപ്പെട്ടത് നടി ബിനോദിനി എന്നായിരുന്നു. ഒരേ നാടകത്തില്‍ തന്നെ ഒന്നിലധികം കഥാപാത്രങ്ങളായി ബിനോദിനി വേഷമിട്ടിരുന്നു. മേഘ്‌നാദ് വധ് എന്ന ഒറ്റ നാടകത്തില്‍ തന്നെ ആറ് കഥാപാത്രങ്ങളെയാണ് ബിനോദിനി അവതരിപ്പിച്ചത്.
അക്കാലത്ത് പുരുഷ കഥാപാത്രങ്ങള്‍ പോലും അവതരിപ്പിച്ചിരുന്ന ഒരേയൊരു നടി ബിനോദിനിയായിരുന്നു. ചൈതന്യ ലീല എന്ന നാടകത്തിലാണ് ബിനോദിനി അവസാനം അഭിനയിച്ചത്. ഇതിന് പിന്നാലെ ബിനോദിനി നാടക വേദികളോട് വിട പറഞ്ഞു. 1912ല്‍ തന്റെ ആത്മകഥ ‘ആമര്‍ കഥ’ എന്ന പേരില്‍ വിനോദിനി പുറത്തിറക്കി. എന്നാല്‍, സ്വന്തം ജീവിതം കുറിച്ചെങ്കിലും നാടകത്തോട് വിട പറയാനുള്ള കാരണം ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ശ്രീരാമകൃഷ്ണ പരമഹംസന്‍ പോലും നേരിട്ടെത്തി ബിനോദിനിയുടെ നാടകങ്ങള്‍ കണ്ടിരുന്നു. ബിനോദിനിയുടെ ജീവിതത്തെ ആസ്പദമാക്കി ബംഗാളില്‍ പല തവണ സിനിമകള്‍ വന്നിട്ടുണ്ട്. അവരുടെ കഥ നിരവധി ഡോക്യുമെന്ററികളില്‍ പ്രദര്‍ശിപ്പിച്ചു. ചതിക്കപ്പെട്ടതാണ് ബിനോദിനിയുടെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.
നാടക ലോകത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം പോലും വേണ്ടെന്ന് വെച്ച കലാകാരിയായിരുന്നു ബിനോദിനി. തന്റെ പേരില്‍ ഒരു തിയേറ്ററായിരുന്നു ബിനോദിനിയുടെ സ്വപ്നം. ഇതിനായി ഒരു പ്രശസ്ത വ്യവസായിയുടെ രണ്ടാം ഭാര്യയാകാന്‍ ബിനോദിനി തയ്യാറായി. എന്നാല്‍ തിയേറ്റര്‍ തയ്യാറായതോടെ ഒരു ലൈംഗിക തൊഴിലാളിയുടെ മകള്‍ എന്ന് മുദ്രകുത്തി ബിനോദിനിയെ മാറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. ഇതോടെയാണ് ബിനോദിനി അഭിനയം മതിയാക്കിയതെന്ന് പറയപ്പെടുന്നു.
ജീവിതകാലം മുഴുവന്‍ പ്രവാസി വ്യവസായിയോടൊപ്പമായിരുന്നു ബിനോദിനി. ബിനോദിനിയ്ക്ക് ഒരു മകളുണ്ടായിരുന്നു, പക്ഷേ 12 വയസ്സുള്ളപ്പോള്‍ മകള്‍ മരിച്ചു.ഇതോടെ ബിനോദിനി ഒരു എഴുത്തുകാരി മാത്രമായി തുടര്‍ന്നു. നാടകവേദിയില്‍ അവരുടെ ഓര്‍മ്മകള്‍ മാത്രം അവശേഷിച്ചു.
ബിനോദിനി ദാസിയുടെ കഥയെ ആസ്പദമാക്കി 1994ലാണ് ബംഗാളി സിനിമയായ നടി ബിനോദിനി നിര്‍മ്മിച്ചത്.ദേബശ്രീ റോയിയാണ് ഈ ചിത്രത്തില്‍ ബിനോദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്.ചിത്രത്തില്‍ ബിനോദിനി എന്ന കഥാപാത്രത്തെയാണ് കങ്കണ റണാവത്ത് അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.