ഷി ജിൻപിങ്ങിനെതിരെ ജനങ്ങൾ, ശുചിമുറികൾ പ്രധാന പ്രതിഷേധ ഇടം

0
70

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കർശനമായ സീറോ-കോവിഡ് നയത്തിനെതിരായി ബീജിങ്ങിൽ അപൂർവ പ്രതിഷേധം തുടരുന്നു. ഒക്ടോബർ 14 മുതൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഷി ജിൻപിങ്ങിനെ നീക്കം ചെയ്യണമെന്ന് ബീജിംഗിലെ സിറ്റോംഗ് പാലത്തിൽ ഉയർത്തിയ രണ്ട് വലിയ ബാനറുകളോടെയാണ് പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നത്.

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ഷീയെ നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ചൈനയിലെ കുറഞ്ഞത് എട്ട് നഗരങ്ങളിലെങ്കിലും ഉയർന്നുവന്നിട്ടുണ്ട്. ഈ എട്ട് നഗരങ്ങളിൽ ഷെൻഷെൻ, ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്ഷു എന്നിവയും ഹോങ്കോങ്ങും ഉൾപ്പെടുന്നു.

ബാത്ത്‌റൂമുകൾക്കുള്ളിലും സ്‌കൂളുകളിലെ നോട്ടീസ് ബോർഡുകളിലും ഈ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിക്ക പൊതു ഇടങ്ങളിലും സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ചൈനീസ് ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രധാന സ്ഥലമായി ശുചിമുറികൾ മാറിയിരിക്കുകയാണ്.

ബെയ്ജിംഗിലെ ചൈന ഫിലിം ആർക്കൈവ് ആർട്ട് സിനിമയിലെ ശുചിമുറിയിൽ ‘സ്വേച്ഛാധിപത്യത്തെ നിരാകരിക്കുക’ എന്ന് എഴുതിയ ഒരു ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടിരുന്നു. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങി മറ്റിടങ്ങളിലെ 200-ലധികം സർവകലാശാലകളിലും ഷി ജിൻപിങ്ങിനെതിരെ പ്രതിഷേധിക്കുന്ന മുദ്രാവാക്യങ്ങൾ കണ്ടതായി ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ട് പറയുന്നു.

ചൈനയിൽ ഷിക്കെതിരെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കുന്നത് നീണ്ട ജയിൽ ശിക്ഷയ്ക്ക് ഇടയാക്കും. ബെയ്ജിംഗ് പാലത്തിൽ പ്രതിഷേധ ബാനർ ഉയർത്തിയതിനാൽ, മുദ്രാവാക്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫൂട്ടേജുകളും പ്രധാന വാക്കുകളും ചൈനയുടെ ഇന്റർനെറ്റിലുടനീളം നിയന്ത്രിച്ചിരിക്കുന്നു. ചൈനയിലെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ‘ബീജിംഗ് പ്രതിഷേധക്കാരൻ’, ‘സിറ്റോംഗ് ബ്രിഡ്ജ്’ തുടങ്ങിയ വാക്കുകൾ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ‘ബ്രിഡ്ജ്’, ‘ധൈര്യം’, ‘ഹീറോ’ തുടങ്ങിയ വാക്കുകൾ പോലും നിയന്ത്രിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.