വടക്കഞ്ചേരി ബസ് അപകടത്തിലെ പ്രതി അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം

0
120

ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിലെ പ്രതി, ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന സംശയത്തിലാണ് രക്തം വിശദ പരിശോധനക്ക് കാക്കനാട് കെമിക്കല്‍ ലാബിൽ നൽകിയത്. എന്നാല്‍ ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ബസ് അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. 80 കിലോമീറ്ററിലധികം വേഗതയിൽ ഓടിച്ച ഡ്രൈവറോട് പലതവണ വിദ്യാർത്ഥികൾ ബസിൻ്റെ അമിത വേഗം ചൂണ്ടിക്കാട്ടിയിരുന്നു. ബസിന് വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറായതിനാൽ സാരമില്ലെന്നായിരുന്നു മറുപടിയെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്.

ടൂറിസ്റ്റ് ബസ് ഈ യാത്രയ്ക്ക് മുന്നേ വേളാങ്കണ്ണിയ്ക്ക് പോയി വന്നതേയുള്ളായിരുന്നു. യാത്ര കഴിഞ്ഞ് വിയർത്ത് ക്ഷീണിതനായാണ് ബസ് ഡ്രൈവർ എത്തിയത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഡ്രൈവറോട് പറഞ്ഞിരുന്നു. അപ്പോൾ ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവർ ഉണ്ടെന്നുമായിരുന്നു ഡ്രെെവർ പറഞ്ഞത്. പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തിൽ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 26 പേര്‍ ആണ്‍കുട്ടികളും 16 പേര്‍ പെണ്‍കുട്ടികളുമായിരുന്നു.

ഇതിനിടയിൽ അപകടത്തിൽ പെട്ട KL05AU8890 എന്ന നമ്പരിലുള്ള ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിരിക്കുകയാണ്. അരുൺ എന്ന വ്യക്തിയാണ് ബസിൻ്റെ ഉടമ. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ സഹിതം ബസിൽ സ്ഥാപിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്.