അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണങ്ങി കഴിയുന്ന അച്ഛന്റെ വീടിന് മുന്നില്‍ മക്കളുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ സുന്ദുരു മണ്ഡലത്തിലെ മുന്നാങ്കിവാരിപാലം ഗ്രാമത്തിലാണ് സംഭവം. മൂന്നങ്ങിവാരിപ്പാലം സ്വദേശിയായ കെ കോട്ടേശ്വര റാവുവിന്റെയും പുഷ്പവതി (48)യുടെയും വിവാഹം 25 വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ഗുണ്ടൂര്‍ ജില്ലയിലെ പൊന്നൂര്‍ മണ്ഡലത്തിലെ വട്ടിമുക്കല ഗ്രാമനിവാസിയാണ് പുഷ്പവതി. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉളളത്. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. മകന്‍ മണി കൂലിപ്പണിക്കാരനാണ്.
പുഷ്പവതി ഭര്‍ത്താവ് കോട്ടേശ്വര റാവുവുമായി പിണങ്ങി കഴിയുകയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു വാടക വീട്ടിലാണ് പുഷ്പവതി താമസിച്ചിരുന്നത്. എന്നാൽ നാല് വര്‍ഷം മുമ്പ് വാടക വീട് ആകെ തകര്‍ന്നതിനെ തുടർന്ന് അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. കൂടാതെ പുഷ്പവതി അസുഖ ബാധിതയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുഷ്പവതിയെ ഗുണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബര്‍ 14ന് അവർ മരണത്തിന് കീഴടങ്ങി. എന്നാല്‍, പുഷ്പാവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കോട്ടേശ്വര റാവു എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മക്കളും അമ്മയുടെ മൃതദേഹവും കൊണ്ട് പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി അവര്‍ പ്രതിഷേധം നടത്തുകയായിരുന്നു.
എന്നാല്‍, ഈ പ്രതിഷേധമൊന്നും റാവുവിന്റെ മനസ്സ് അലിയിച്ചില്ല. സംഭവം തഹസില്‍ദാര്‍ കനകദുര്‍ഗയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സുന്ദൂര്‍ പൊലീസ് നടപടിയെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കോട്ടേശ്വര റാവു സമ്മതിച്ചതായാണ് വിവരം. എന്നാല്‍ സ്വത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് മക്കൾ ഇത്തരത്തിൽ ഒരു പ്രതിഷേധം നടത്തുന്നതെന്ന് കോട്ടേശ്വര റാവുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.