Monday
22 December 2025
27.8 C
Kerala
HomeKeralaകോട്ടയം ബേക്കർ ജങ്ഷനിൽ നിന്നും 1 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോട്ടയം ബേക്കർ ജങ്ഷനിൽ നിന്നും 1 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ ബേക്കർ ജങ്ഷനിൽ യുവാവിൻ്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന വീര്യം കൂടിയ മയക്കുമരുന്നായ എം.ഡി.എം.എ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ഇയാളിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരം ചുങ്കത്തിൽ വീട്ടിൽ അക്ഷയ് സി.അജി(25)യെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽക്കുന്നതിനാണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നും അക്ഷയ് സ്ഥിരമായി വൻ തോതിൽ ലഹരി മരുന്ന് കോട്ടയത്ത് എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി ജില്ലാ പൊലീസ് ഇയാളുടെ  ഫോൺ കോളുകൾ അടക്കം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാൾ ബാംഗ്ലൂരിലേയ്ക്ക് പുറപ്പെട്ടതായി പൊലീസ് സംഘം കണ്ടെത്തി. തുടർന്നുള്ള നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.

ചൊവ്വാഴ്ച രാവിലെ അന്തർ സംസ്ഥാന എ.സി ബസിൽ ഇയാൾ കോട്ടയത്തേയ്ക്ക് എത്തിയതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശാനുസരണം ഡിവൈ.എസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള ഡെൻസാഫ് സംഘം വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോൾ ബാഗിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്റ്റർ അനൂപ് കൃഷ്ണ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് , വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

RELATED ARTICLES

Most Popular

Recent Comments