തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം: മുഖ്യമന്ത്രി

0
65

ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണ് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയുടെ കടമയും കർത്തവ്യവും   എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും കോടതിവിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം. ഡോക്ടർ അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണ്ണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്.

ദൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്’ എന്നത് സുപ്രിംകോടതി എടുത്തു പറഞ്ഞ കാര്യമാണ്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളും ആണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധം ആവില്ലേ? നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ല മുഖ്യമന്ത്രി പറഞ്ഞു. സാധു ആവുകയുമില്ല. സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാകരുത് എന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.