കാര്‍ത്തി നായകനായി എത്തുന്ന ‘സര്‍ദാര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

0
63

കാർത്തി നായകനായി എത്തുന്ന ‘സർദാർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു മാസ് ആക്ഷൻ എന്റർടെയ്നർ ആകും സർദാർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്നത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാർത്തി നടത്തുന്ന വേഷപ്പകർച്ചകൾ ട്രെയിലറിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളിൽ എത്തും.

പിഎസ് മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കേരള പിആർ.ഒ പി ശിവപ്രസാദ്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ് സർദാർ.

അതേസമയം, വിരുമൻ, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30നാണ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മുത്തയ്യ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിരുമൻ. അതിഥി ഷങ്കറാണ് ചിത്രത്തിൽ നായികയായി എത്തിയത്. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് അതിഥി.