Wednesday
17 December 2025
31.8 C
Kerala
HomeKeralaതുലാമാസപൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 17 ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

തുലാമാസപൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 17 ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക്.തുറക്കും ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.തുലാം ഒന്നായ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും.
തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും.5.30 ന് മണ്ഡപത്തില്‍ മഹാഗണപതിഹോമം നടക്കും.പുലര്‍ച്ചെ 5.15 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജയ്ക്ക്‌ശേഷം പുതിയ ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാണ് നടക്കുക.10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.8 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ 10 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കൃത്തികേഷ് വര്‍മ്മയും പൗര്‍ണ്ണമി ജി വര്‍മ്മയും ആണ് ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്ക് എടുക്കുക.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍,ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്,നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് ആര്‍.ഭാസ്‌കരന്‍,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍,ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.
ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.25 ന് ആണ് ആട്ട ചിത്തിര.അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക.നവംബര്‍ 17 ന് ആണ് വിശ്ചികം ഒന്ന്.

RELATED ARTICLES

Most Popular

Recent Comments