29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 9 ന്

0
153

അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാർഡുകളിൽ നവംബർ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഒക്ടോബർ 14 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 21 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ നവംബർ 10 ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രവും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് അവ ബാധകം.

നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം.

തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അവ ലഭ്യമാണ്.

പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അവ ജില്ലാതലത്തിൽ താഴെചേർക്കുന്നു.

തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ,

കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം

കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി,

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം

പത്തനംതിട്ട – പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ്

ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി

ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട്

ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്

ഇടുക്കി – ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം,

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം,

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ

പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ

കുഴിക്കണ്ടം

എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ

വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ

പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി,

കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം

തൃശ്ശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ

സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ

പൈങ്കുളം

പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ

ഗ്രാമപഞ്ചായത്തിലെ കോളപ്പടി

മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്

കോഴിക്കോട് – മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ

ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ

ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത്

ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ

വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.