മലപ്പുറം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകൻറെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതക കാരണം. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചിതരാകുന്നത്.
ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസിച്ച് വരുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. തുടർന്ന് മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് പ്രതി ബിജു അധ്യാപകൻ കൂടിയായ ബാബുവിന്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപുഴയിൽ തള്ളുകയായിരുന്നു.
ബാബുവിൻറെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവ പ്രതികൾ അപഹരിച്ചു. ആറ് ദിവസം കഴിഞ്ഞ് സെപ്തംബർ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ കരിമ്പുഴ പാലത്തിന് സമീപം ബാബുവിൻറെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.