അദാനി ഡാറ്റാ നെറ്റ് വർക്കിന് യൂണിഫൈഡ് ലൈസൻസ് അനുവദിച്ചു. രാജ്യത്തെ അദാനിയുടെ വാണിജ്യാവശ്യങ്ങൾക്ക് എല്ലാ ടെലികോം സേവനങ്ങളും നൽകാൻ പ്രാപ്തമാക്കുന്നതാണ് ഈ ഏകീകൃത ലൈസൻസ്. രണ്ട് ഔദ്യോഗിക സ്രോതസുകളാണ് വാർത്ത സ്ഥിരീകരിച്ചത്. ഈയടുത്തിടെ നടന്ന ലേലത്തിൽ അദാനി ഗ്രൂപ്പ് 5 ജി സ്പെക്ട്രം വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് കടന്നു വന്നത്.
“അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് UL (AS) അനുവദിച്ചു” എന്നാണ് ഒരു ഔദ്യോഗിക സോഴ്സ് വഴി വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് അദാനി ഗ്രൂപ്പിന് അയച്ച മെയിലിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റാണ് അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് (എ ഡി എൻ എൽ).എ ഡി എൻ എൽ ഈ അടുത്തിടെ നടന്ന 5 ജി സ്പെക്‌ട്രം ലേലത്തിൽ 20 വർഷത്തേക്കാണ് 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ പ്രവർത്തിക്കുന്ന 400MHz സ്പെക്‌ട്രത്തിനുള്ള ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിട്ടത്. 212 കോടി രൂപ വിലമതിക്കുന്ന കരാറിലാണ് അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് പങ്കു ചേർന്നിരിക്കുന്നത്.
അദാനിയുടെ കീഴിലുള്ള വൈദ്യുതി വിതരണം മുതൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങളിലേക്കുള്ള ഗ്യാസ് റീട്ടെയിലിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാനുളള തങ്ങളുടെ ഡാറ്റാ സെന്ററുകൾക്കും സൂപ്പർ ആപ്പിനും എയർവേവ് ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു.
പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അദാനി ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷനും വളരെ സഹായകമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ടെക് ഭീമനായ ഗൂഗിൾ അദാനി ഡാറ്റാ സെന്ററിലെ സ്ഥലം പാട്ടത്തിനെടുത്തതായി റിപ്പോർട്ടുകൾ. നോയിഡയിലെ അദാനി ഡാറ്റാ സെന്ററിലെ 4.6 ലക്ഷം സ്ക്യയർഫീറ്റാണ് വാടകയ്ക്ക് എടുത്തത്. 10 വർഷത്തേക്കാണ് കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നത്. 130.98 കോടിയുടെ വാർഷിക വാടകയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ സിആർഇ മാട്രിക്‌സ് ആണ് വിവരങ്ങൾ പുറത്തു വിട്ടത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ സ്ഥാപനമായ ഡിസി ഡെവലപ്‌മെന്റ് നോയിഡ പ്രൈവറ്റ് ലിമിറ്റഡും റെയ്‌ഡൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ കരാർ ഒപ്പുവച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.