ഞെട്ടിച്ച് ആപ്പിൾ വാച്ച്; ടെസ്റ്റിംഗിന് മുന്നെ യുവതി ഗര്‍ഭിണിയാണെന്ന് വാച്ച് പറഞ്ഞു

0
99

ആപ്പിൾ വാച്ച് വീണ്ടും വാർത്തകളിൽ ഇടം പിടിയ്ക്കുകയാണ്. ഇത്തവണ ന്യൂയോർക്കിലെ ഒരു യുവതിയുടെ പ്രഗ്നൻസി ടെസ്റ്റിംഗിനു മുൻപേ ആപ്പിൾ പറഞ്ഞെന്നാണ് വാർത്തകൾ വരുന്നത്. ഹാർട്ട് മോണിറ്ററിംഗ്, ഇസിജി, ഓക്‌സിമീറ്റർ എന്നീ ആപ്പിൾ വാച്ച് ഫീച്ചറുകൾ ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ആപ്പിൾ വാച്ചിലെ ഹെൽത്ത് മീറ്ററുകളൊക്കെ പല സന്ദർഭങ്ങളിലും ഇത് പോലെ അത്യാഹിത സൂചനകൾ നൽകിയതായി വാർത്തകളും വന്നിട്ടുണ്ട്.

മിക്ക കേസുകളിലും ഉപയോക്താക്കളുടെ ശരീരത്തിന് വലിയ അപകടം വരുത്തിയേക്കാവുന്ന സന്ദർഭങ്ങളിൽ നിന്ന് ആപ്പിൾ വാച്ച് രക്ഷിച്ചിട്ടുണ്ട്. പുതിയതായി പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ക്ലിനിക്കൽ ടെസ്റ്റ് നടത്തുന്നതിന് മുമ്പ് തന്നെ ഒരു സ്ത്രീ ഗർഭം ധരിച്ചതായി ആപ്പിൾ വാച്ച് കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാൽ ഗർഭ ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആപ്പിളിന് ഔദ്യോഗിക ഫീച്ചറുകളൊന്നുമില്ല. പക്ഷെ ശരീരത്തിൽ എന്തോ അസ്വാഭാവികമായ മാറ്റം നടന്നുവെന്ന് ന്യൂയോർക്കിൽ താമസിക്കുന്ന സ്ത്രീ അവകാശപ്പെടുന്നു. 34കാരിയായ സ്ത്രീയുടെ ഹൃദയമിടിപ്പിലെ മാറ്റങ്ങൾ വഴിയാണ് ഇത് കണ്ടെത്തിയത്.

റെ‍ഡ്ഡിറ്റിൽ ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ യുവതി പങ്കിട്ടത്. ടെസ്റ്റ് ചെയ്യും മുമ്പുതന്നെ താൻ ഗർഭിണിയാണെന്ന് കണ്ടെത്തുന്നതിന് ആപ്പിൾ വാച്ച് എങ്ങനെ സഹായിച്ചുവെന്ന് അവര്‍ പങ്കുവച്ചു. യുവതി ഉപയോഗിച്ച സ്മാർട്ട് വാച്ചിൽ കുറച്ച് ദിവസങ്ങളായി ഹൃദയമിടിപ്പിൽ ഉയർച്ചയുള്ളതായി കാണിച്ചു. ഇത് കുറച്ച് ദിവസം അടുപ്പിച്ച് കാണിച്ചപ്പോഴാണ് യുവതി ഇത് കൂടുതൽ ശ്രദ്ധിച്ചത്. സാധാരണ ഗതിയിൽ 57 ഉള്ള ഹൃദയമിടിപ്പ് പെട്ടെന്ന് 72 ആയി ഉയർന്നു. 15 ദിവസം ഇത് തുടർച്ചയായി ഉയർന്നു നിൽക്കുന്നുവെന്ന് ആപ്പിൾ വാച്ച് അലേർട്ട് നൽകി. ആദ്യം കൊവിഡ് ബാധിച്ചതാകാം എന്നാണ് താൻ കരുതിയതെന്നും എന്നാൽ കൊവിഡ് ഫലങ്ങൾ നെഗറ്റീവ് ആയെന്നും യുവതി പറയുന്നു.

പിന്നീട് മുൻപ് വായിച്ച ലേഖനങ്ങളിലെവിടെയോ ഹൃദയമിടിപ്പും പ്രഗ്നൻസിയും തമ്മിലുള്ള ബന്ധം ഓർത്തു. ഗർഭാവസ്ഥയുടെ ആദ്യ ആഴ്ച്ചകളിൽ ഹൃദയമിടിപ്പ് കൂടുമെന്നത് സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു. അങ്ങനെ ടെസ്റ്റ് നടത്തിയപ്പോഴാണ് ഫലം പോസിറ്റീവ് ആയതെന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു. എന്തായാലും സംഗതി ഇപ്പോൾ വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.