സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

0
60

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം-വർണ്ണപ്പകിട്ട് 2022 ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കാനും മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുമാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം അയ്യൻകാളി ഹാൾ, യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് അയ്യൻകാളി ഹാളിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥി ആയിരിക്കും.

മേളയുടെ മുന്നോടിയായി വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് മ്യൂസിയം ജംഗ്ഷൻ മുതൽ യൂണിവേഴ്‌സിറ്റി കോളജ് വരെ വർണശബളമായ ഘോഷയാത്ര നടത്തും. ട്രാൻസ്‌ജെൻഡർ വ്യക്തികൾ, കോളജ് വിദ്യാർഥികൾ, യുവജന സാംസ്‌കാരിക പ്രതിഭകൾ എന്നിവർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് ചെണ്ടമേളവും മുത്തുക്കുടയും കരകാട്ടവും ചാരുതയേകും.

ട്രാൻസ് സ്ത്രീ, ട്രാൻസ് പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ആകെ 21 ഇനങ്ങളിലായി 220 പേർ മാറ്റുരയ്ക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വ്യക്തിക്കും ജില്ലക്കും പ്രത്യേക ട്രോഫികളുണ്ട്.

അയ്യൻകാളി ഹാളിൽ ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഗായിക മഞ്ജരി പങ്കെടുക്കും.

ട്രാൻസ്‌ജെൻഡർ അവാർഡുകൾ

വിവിധ മേഖലകളിൽ സംഭാവന നൽകിയ ട്രാൻസ് വ്യക്തികൾക്കുള്ള അവാർഡുകളും മന്ത്രി ബിന്ദു പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഡോ. വി.എസ് പ്രിയ (തൃശൂർ), ആനന്ദ് സി രാജപ്പൻ (ചിഞ്ചു അശ്വതി), സാമൂഹ്യസേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം), സുകു തിരുവനന്തപുരം, കല/കായികം വിഭാഗത്തിൽ പ്രവീൺ നാഥ് (പാലക്കാട്), സഞ്ജന ചന്ദ്രൻ (കോഴിക്കോട്), സംരംഭകത്വ മേഖലയിൽ സീമ വിനീത് (തിരുവനന്തപുരം), വർഷ നന്ദിനി (പാലക്കാട്) എന്നിവരാണ് അവാർഡുകൾ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് കലോത്സവത്തിന്റെ സമാപന ചടങ്ങിൽ വിതരണം ചെയ്യും.