കര്‍ണാടകയില്‍ കാപ്പിത്തോട്ട ഉടമയും മകനും ദളിത് സ്ത്രീ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഹുസനെഹള്ളിയിലാണ് കടം വാങ്ങിയ പണത്തിന്റെ പേരില്‍ തൊഴിലാളികളെ മര്‍ദ്ദിച്ചത്. തോട്ട ഉടമ ജഗദീഷ് ഗൗഡ തൊഴിലാളികളില്‍ ഒരാളെ മര്‍ദിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് കടം നല്‍കിയ പണം തിരികെ നല്‍കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
എന്നാല്‍ തൊഴിലാളികള്‍ പണം തിരികെ നല്‍കാതെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ഗൗഡ അവരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. പീഡനത്തില്‍ ഗര്‍ഭിണിയായിരുന്ന തൊഴിലാളികളിക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.ജഗദീഷ് ഗൗഡയ്ക്ക് ബി.ജെ.പിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ഉള്ള ബന്ധം ഞങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.ഒരു സ്ത്രീക്ക് ഗര്‍ഭം അലസിയെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും പരാതിയില്‍ അവര്‍ അത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജഗദീഷ് ഗൗഡയ്ക്കും മകന്‍ തിലകിനുമെതിരെ ബലെഹോന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്സി-എസ്ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്തു.