മുസഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി നിയമസഭാംഗം വിക്രം സൈനിയെക്ക് രണ്ട് വര്‍ഷത്തെ തടവ്

0
129

2013 ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി നിയമസഭാംഗം വിക്രം സൈനിയെയും മറ്റ് 11 പേരെയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രത്യേക എംപി/എംഎല്‍എ കോടതിയാണ് ചൊവ്വാഴ്ച്ച ശിക്ഷ വിധിച്ചത്. യുപി സര്‍ക്കാരിന്റെ ഹര്‍ജി കോടതി സ്വീകരിച്ചതിനാല്‍ ബിജെപിയുടെ സംഗീത് സോമിനെതിരായ കേസ് പ്രത്യേക കോടതി പിന്‍വലിച്ചു. കലാപത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഗോപാല്‍ ഉപാധ്യായ അവരെ ശിക്ഷിക്കുകയും 10,000 രൂപ വീതം പിഴയും ചുമത്തുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മറ്റ് 15 പ്രതികളെ കോടതി വെറുതെ വിട്ടു.

ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സൈനി. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം, ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് 25,000 രൂപ വീതമുള്ള രണ്ട് ജാമ്യവ്യവസ്ഥയില്‍ ജാമ്യം നല്‍കുകയും ചെയ്തു.ഐപിസി സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (ഉദ്യോഗസ്ഥനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം നടത്തുക, 147 (കലാപം) എന്നിങ്ങനെയുളള വകുപ്പുകള്‍ പ്രകാരമാണ് 12 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിക്രം സൈനിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ കവാല്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ബിജെപി എംഎല്‍എയും മറ്റ് 26 പേരും വിചാരണ നേരിടുന്നത്. ഗൗരവ്, സച്ചിന്‍ ,ഷാനവാസ് എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നാലെ 2013 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മുസാഫര്‍നഗറിലും സമീപ പ്രദേശങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.