2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു

0
73

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ നൊബേൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് നൊബേൽ പങ്കിട്ടത്. തിങ്കളാഴ്ചയാണ് നൊബേൽ കമ്മിറ്റി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചത്. ബാങ്കുകളെയും, സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണു മൂവർക്കും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നോബൽ നൽകി ആദരിച്ചത്.

‘why we have banks, how to make them less vulnerable in crises and how bank collapses exacerbate financial crises’ തുടങ്ങിയ കാര്യങ്ങൾ നൊബേലിന് അർഹമായ ആധുനിക ബാങ്കിങ് റിസർച്ച് വ്യക്തമാക്കുന്നു. ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവർ 1980 -കളുടെ തുടക്കത്തിലാണു ഈ ഗവേഷണത്തിന് അടിത്തറ പാകിയത്. സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിലും, സാമ്പത്തിക പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലും ഇവരുടെ പഠനങ്ങൾക്കും, പ്രവർത്തനങ്ങൾക്കും വലിയ പ്രധാന്യമുണ്ടെന്നു നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു.

2006 മുതൽ 2014 വരെ യുഎസ് ഫെഡറൽ റിസർവ് ചെയർമാനായിരുന്നു ബെർനാങ്കെ. അദ്ദേഹത്തിന്റെ സമയത്തായിരുന്നു 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ യുഎസ് അതിജീവിച്ചത്. ഫെഡിലെ നിയോഗത്തിനു ശേഷം, വാഷിംഗ്ടണിലെ ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിശിഷ്ട വ്യക്തിയായി അദ്ദേഹം നിയമിതനായി. ഡഗ്ലസ് ഡയമണ്ട് ചിക്കാഗോ സർവകലാശാലയിലെ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിലെ പ്രൊഫസറും, ഫിലിപ്പ് ഡൈബ്വിഗ് സെന്റ് ലൂയിസിലെ ഒലിൻ ബിസിനസ് സ്‌കൂൾ ഓഫ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ്.

ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന പുരസ്‌ക്കാരം ജേതാക്കൾക്ക് 10 ദശലക്ഷം സ്വീഡിഷ് ക്രോണ (883,000 ഡോളർ) വീതം നേടി നൽകും. നോബൽ ഇക്കണോമിക് സയൻസ് പ്രൈസ് കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകളിൽ നിന്നാണു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വിജയികളെ തിരഞ്ഞെടുക്കുന്നത്.