സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള ഒഴികെയുള്ള നിറങ്ങൾക്ക് കർശന നിരോധനം

0
50

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കർശനമാക്കാൻ തീരുമാനം. വെള്ളയൊഴികെയുള്ള നിറങ്ങൾക്ക് കർശന വിലക്ക് ഏര്‍പ്പെടുത്തി . ഇന്നു മുതല്‍ തീരുമാനം നടപ്പിലാക്കാൻ ഇന്നലെ ചേർന്ന ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു.

വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ബസുകൾ രൂപമാറ്റം വരുത്തിയാൽ പതിനായിരം രൂപ വീതം പിഴ ഈടാക്കും. ആർ‌ടിഒ ഉദ്യോഗസ്ഥർ‌ക്ക് അതത് പ്രദേശത്തെ ബസുകളുടെ ചുമതല നൽകും.

കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്. അതിനുമുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത ബസുകള്‍ രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു ഇളവ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായിട്ടുണ്ട്.

അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെയും അപകടങ്ങള്‍ ഉണ്ടാക്കിയവരെയും ഒഴിവാക്കും. വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരയാത്രകള്‍ സുരക്ഷിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ഉറപ്പിക്കുമെന്ന് മന്ത്രി ആന്റണിരാജു വ്യക്തമാക്കിയിരുന്നു.

വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന നിർദേശം പാലിക്കാത്ത സ്കൂൾ, കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നിരത്തിൽ‌ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.