നിയമം ലംഘിച്ച് മാറ്റംവരുത്തിയ വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി

0
223

നിയമം ലംഘിച്ച് മാറ്റംവരുത്തിയ വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറുന്നതിന് ഇത്തരം വ്ലോഗുകള്‍ ഇടയാക്കുന്നുണ്ട്. ബൈക്ക്, കാര്‍, ബസുകള്‍ തുടങ്ങിയ പല മോഡിഫൈഡ് വാഹനങ്ങളെ പുകഴ്ത്തികൊണ്ടുള്ള വ്ലോഗുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണുള്ളത്.

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ നിരത്തിൽ‌ കാണാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ലെന്നും രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കുമെന്ന് കോടതി ചോദിച്ചു. നിയമവിരുദ്ധ നിറങ്ങളുളള വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശം നൽകി. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.