രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ

0
123

രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ കൈമാറിയത്. നവംബർ 9 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രണ്ട് വർഷമാകും അദ്ദേഹത്തിന്റെ കാലാവധി. നവംബർ 10 നാണ് ജസ്റ്റിസ് യു.യു ലളിത് വിരമിക്കുന്നത്.

പ്രോട്ടോക്കോൾ അനുസരിച്ച്, നിലവിലെ സിജെഐ തന്റെ പിൻഗാമിയെ ശുപാർശ ചെയ്തുകൊണ്ട് സർക്കാരിന് ഒരു ഔപചാരിക കത്ത് അയയ്ക്കേണ്ടതുണ്ട്. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാർശയുടെ പകർപ്പ് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വെച്ച് ചീഫ് ജസ്റ്റിസ് യു.യു ലളിത് കൈമാറി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 1998 ൽ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2016 മെയ് 13-നായിരുന്നു ഡി.വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.

അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികൾ പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു. ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു ബിരുദ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം സ്വന്തമാക്കിയത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിയമത്തിൽ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.