യുക്രൈൻ റഷ്യ യുദ്ധം: യുക്രൈന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ്

0
90

യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. ബൈഡൻ യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ യുക്രൈന് നൽകുന്നത് തുടരുമെന്ന് ഉറപ്പു നൽകിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

വിവേകശൂന്യമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവർക്ക് ബൈഡൻ അനുശോചനം അറിയിച്ചു. ബൈഡനുമായി സംസാരിച്ചതിന് ശേഷം ‘പ്രതിരോധ സഹകരണത്തിൽ നിലവിൽ വ്യോമ പ്രതിരോധത്തിനാണ് ഒന്നാം സ്ഥാനം’ എന്ന് സെലെൻസ്‌കി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ റഷ്യൻ സൈന്യം 80 ലധികം മിസൈലുകൾ തൊടുത്തുവിട്ടതായും അയൽരാജ്യമായ ബെലാറസിൽ നിന്ന് വിക്ഷേപിച്ച ഇറാനിയൻ ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായും കീവിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം.

അതേസമയം, യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലം സംബന്ധിച്ചതടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. യുക്രൈൻ സർക്കാരും തദ്ദേശഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.